ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായകമായ ശാസ്ത്രീയ വിവരങ്ങൾ പുറത്തുവന്നു. ശബരിമലയിൽ കട്ടിള പൂർണമായി മാറ്റിയിട്ടില്ലെന്നും, ചെമ്പ് പാളികളിൽ പൊതിഞ്ഞ സ്വർണമാണ് കവർന്നതെന്നും വിഎസ്എസ്സി (ISRO) ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ചെമ്പ് പാളികൾ യഥാർത്ഥമായവ തന്നെയാണെന്നും പരിശോധനയിൽ വ്യക്തമായി. ഈ കണ്ടെത്തലുകൾ പ്രത്യേക അന്വേഷണ സംഘത്തിനും (SIT) കേരള ഹൈക്കോടതിക്കും സമർപ്പിച്ചിട്ടുണ്ട്.

സ്വർണം മാത്രമുള്ള പാളികളാണ് കവർന്നതെന്ന വ്യാപകമായ അനുമാനങ്ങൾക്കൊപ്പം ചെമ്പ് പാളികൾ മാറ്റി പുതിയത് സ്ഥാപിച്ചുവെന്നോ, അവ രാജ്യാന്തര റാക്കറ്റുകൾക്ക് കൈമാറിയെന്നോ ഉള്ള സംശയങ്ങളും ഇതോടെ തള്ളപ്പെടുന്നു. ചില പാളികളിൽ കാണപ്പെട്ട വ്യതിയാനങ്ങൾ രാസപ്രതികരണങ്ങളാലുണ്ടായതാണെന്നും, സ്വർണം വേർതിരിക്കാൻ ഉപയോഗിക്കുന്ന മെർക്കുറിയും അനുബന്ധ രാസലായനികളും കാരണമാണ് ഘടനയിൽ മാറ്റമുണ്ടായതെന്നും വിഎസ്എസ്സി ശാസ്ത്രജ്ഞർ വിശദീകരിച്ചതായാണ് റിപ്പോർട്ട്. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നീക്കം ചെയ്ത് പിന്നീട് തിരിച്ചുവെച്ച പാളികളിൽ സ്വർണ അളവ് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കട്ടിള പഴയത് തന്നെയായിരുന്നുവെങ്കിലും സ്വർണം കവർന്നതായി പരിശോധനയിൽ വ്യക്തമായെന്നും, താരതമ്യ പരിശോധനകൾ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും വിഎസ്എസ്സി അറിയിച്ചു.
VSSC (ISRO) scientists confirm that gold was stripped from copper-plated sheets at Sabarimala. Read the latest findings submitted to the SIT and Kerala High Court.
