ഇന്ത്യ എഐ ഇംപാക്ട് സമിറ്റിനിടെ OpenAI സിഇഒ സാം ആൾട്ട്മാനും ആന്ത്രോപിക് (Anthropic) സിഇഒ ഡാരിയോ അമോഡെയും തമ്മിലുണ്ടായ കൈപിടിക്കൽ കൺഫ്യൂഷനിൽ വിശദീകരണവുമായി ആൾട്ട്മാൻ. ഇരുവർക്കുമിടയിൽ ഉണ്ടായ അസ്വാഭാവിക നിമിഷം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് വിശദീകരണവുമായി ഇപ്പോൾ സാം ആൾട്ട്മാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ നടന്ന പ്രധാന സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ ടെക് തലവന്മാരെ വേദിയിലേക്ക് ക്ഷണിച്ചു. പ്രധാനമന്ത്രിക്ക് ഇടതുവശത്തായി സാം ആൾട്ട്മാനും അദ്ദേഹത്തിന് തൊട്ടടുത്ത് മുൻ സഹപ്രവർത്തകനും നിലവിലെ എതിരാളിയുമായ ഡാരിയോ അമോഡെയും നിന്നു. ഫോട്ടോയ്ക്കായി എല്ലാവരും പരസ്പരം കൈകൾ കോർത്തുപിടിച്ച് ഉയർത്താൻ തുടങ്ങിയപ്പോൾ ആൾട്ട്മാനും അമോഡെയും അല്പം പതറിപ്പോയി. മറ്റുള്ളവർ കൈകൾ കോർത്ത് പിടിച്ചപ്പോൾ, ഇവർ രണ്ടുപേരും കൈകൾ മുഷ്ടിചുരുട്ടി പരസ്പരം പിടിക്കാതെ ഉയർത്തുകയാണ് ചെയ്തത്. ആ നിമിഷത്തെ വീഡിയോ ‘സാം ആൾട്ട്മാൻ തന്റെ എതിരാളിയുടെ കൈ പിടിക്കാൻ വിസമ്മതിച്ചു’ എന്ന തരത്തിൽ ഇന്റർനെറ്റിൽ വൈറലായി. എന്നാൽ സത്യത്തിൽ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല എന്നാണ് ആൾട്ട്മാൻ പറഞ്ഞത്. പ്രധാനമന്ത്രി മോദി എന്റെ കൈ പിടിച്ച് ഉയർത്തിയപ്പോൾ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയില്ലായിരുന്നു. ഞാൻ ആകെ കൺഫ്യൂഷനിലായിപ്പോയി.”- ആൾട്ട്മാൻ പറയുന്നു. തങ്ങൾക്കിടയിലെ ശത്രുത കൊണ്ടല്ല, മറിച്ച് ആ സാഹചര്യത്തിലെ ആശയക്കുഴപ്പം കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ആൾട്ട്മാനും അമോഡെയും തമ്മിലുള്ള ബന്ധത്തിന് മറ്റൊരു ചരിത്രമുണ്ട്. 2019 വരെ ഇരുവരും ഓപ്പൺഎഐയിൽ ഒന്നിച്ചുണ്ടായിരുന്നു. എന്നാൽ കമ്പനിയുടെ ലക്ഷ്യങ്ങളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 2020-ൽ അമോഡെയും സഹോദരിയും പടിയിറങ്ങുകയും ‘ആന്ത്രോപിക്’ എന്ന സ്വന്തം എഐ കമ്പനി സ്ഥാപിക്കുകയുമായിരുന്നു. ഇന്ന് ലോകത്തെ ഏറ്റവും വലിയ എഐ കമ്പനികളാണ് ഓപ്പൺഎഐയും ആന്ത്രോപിക്കും. ഈ പഴയ പോര് കാരണമാണ് ഇവർ കൈകോർക്കാൻ മടിച്ചതെന്നാണ് സോഷ്യൽ മീഡിയ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
Was it rivalry or just confusion? OpenAI CEO Sam Altman clarifies the awkward viral photo moment with Anthropic CEO Dario Amodei at the India AI Impact Summit 2026.
