അപൂർവ്വ രുചി കൊണ്ടും അതിശയിപ്പിക്കുന്ന വില കൊണ്ടും ലോകപ്രശസ്തമാണ് ജപ്പാനിൽ നിന്നുള്ള ‘മിയാസാക്കി’ മാമ്പഴം (Miyazaki mango). വീടിന്റെ ടെറസിൽ മിയാസാക്കി മാമ്പഴം കൃഷിചെയ്ത് ശ്രദ്ധ നേടുകയാണ് കർണാടക ഉഡുപ്പി സ്വദേശി ജോസഫ് ലോബോ. പരിമിതമായ ഇടത്ത് നടത്തിയ പരീക്ഷണം വലിയ വിജയമായതോടെ മിയാസാക്കി ഏത് സാഹചര്യങ്ങളിലും വളർത്താമെന്ന് തെളിയിക്കുകയാണ് ജോസഫ്. അന്താരാഷ്ട്ര വിപണിയിൽ ഒരു കിലോ മിയാസാക്കി മാമ്പഴത്തിന് 2.5 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെയാണ് വില. ഇത്രയും ഉയർന്ന മൂല്യമുള്ളതിനാൽ തന്നെ ലോകത്തിലെ ഏറ്റവും വിലകൂടിയ ഫലവർഗങ്ങളിൽ ഒന്നാണിത്.

കടുത്ത സൂര്യപ്രകാശവും ഫലഭൂയിഷ്ടമായ മണ്ണും കൃത്യമായ പരിചരണവുമാണ് മിയാസാക്കി മാമ്പഴം വളർത്തുന്നതിനു വേണ്ട അവശ്യഘടകങ്ങൾ. മറ്റ് ഫലവൃക്ഷങ്ങളെപ്പോലെ തന്നെയാണ് മിയാസാക്കി മാവിനേയും പരിചരിച്ചതെന്ന് ജോസഫ് ലോബോ പറയുന്നു. എന്നാൽ മണ്ണിലെ ന്യൂട്രിയന്റ് ലെവലും നനയ്ക്കുന്ന രീതിയും കൃത്യമായി നിരീക്ഷിച്ചുപോന്നു. ഏതാനും വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാവ് പൂവിട്ടു കായ്ച്ചു. തീരദേശത്തെ ഉയർന്ന താപനിലയുള്ള കാലാവസ്ഥയും സമൃദ്ധമായ സൂര്യപ്രകാശവുമാണ് വളർച്ചയ്ക്ക് സഹായിച്ചത്. ജൈവവളങ്ങൾ മാത്രമാണ് ഇതിനായി ഉപയോഗിച്ചത്-അദ്ദേഹം പറഞ്ഞു.
മിയാസാക്കി ടിപ്സ്:
വിത്തിന് പകരം ഒട്ടുതൈ (Sapling) തിരഞ്ഞെടുക്കുകയെന്നതാണ് പ്രധാനമെന്ന് ജോസഫ് പറയുന്നു. വേരുകൾ പടരാൻ സൗകര്യമുള്ള വലിയ ഗ്രോ ബാഗുകളോ ചട്ടികളോ ഉപയോഗിക്കുന്നതിനൊപ്പം സോയിൽ ന്യൂട്രീഷനും ഉറപ്പാക്കണം. ദിവസവും ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന ഇടത്ത് ചെടി വെയ്ക്കാനും ശ്രദ്ധിക്കണം. ഇതോടൊപ്പം രാസവളങ്ങൾക്ക് പകരം ജൈവവളങ്ങൾ ഉപയോഗിക്കുന്നതും ക്ഷമയോടെയുള്ള പരിചരണവും ടെറസിൽ മിയാസാക്കി വളർത്താൻ ഉപകാരപ്പെടുമെന്ന് ജോസഫ് പറയുന്നു.
വിൽക്കാനില്ല ലക്ഷങ്ങൾ!
ലക്ഷങ്ങൾ വിലയുള്ള ഈ മാമ്പഴം വിൽക്കാൻ ജോസഫ് ലോബോയ്ക്ക് നിലവിൽ താല്പര്യമില്ല. “ഈ മാമ്പഴം വിൽക്കാൻ ഉദ്ദേശിക്കുന്നില്ല, ഇത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കഴിക്കാനുള്ളതാണ്,” എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഇതിലൊരു കൗതുകകരമായ ബിസിനസ് വശം കൂടിയുണ്ട്. മാമ്പഴം വിൽക്കുന്നില്ലെങ്കിലും, മിയാസാക്കി സ്വന്തം വീട്ടിൽ വളർത്താൻ ആഗ്രഹിക്കുന്നവർക്കായി അദ്ദേഹം മാവിൻ തൈകൾ വിൽക്കുന്നുണ്ട്. ഏകദേശം 2500 രൂപയ്ക്കാണ് അദ്ദേഹം ഒരു തൈ വിൽക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേർ ഇദ്ദേഹത്തിൽ നിന്ന് തൈകൾ വാങ്ങി സ്വന്തം തോട്ടങ്ങളിൽ പരീക്ഷണം തുടങ്ങിക്കഴിഞ്ഞു.
Joseph Lobo from Udupi, Karnataka, successfully grows the world’s most expensive Miyazaki mangoes on his terrace. Learn his tips for growing this ₹3 lakh/kg fruit.
