ഇന്ത്യയുടെ ആണവോർജ്ജ പദ്ധതിയിൽ സുവർണ്ണ നാഴികക്കല്ല് പിന്നിട്ട് കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR). തമിഴ്നാട്ടിലെ കൽപ്പാക്കത്തുള്ള റിയാക്ടർ വിജയകരമായി ‘ക്രിട്ടിക്കാലിറ്റി’ (സ്വയം നിയന്ത്രിതമായ ആണവ പ്രക്രിയ) കൈവരിച്ചതായി അധികൃതർ അറിയിച്ചു. ഇന്ത്യയുടെ ആണവോർജ്ജ വികസനത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള നിർണ്ണായക ചുവടുവെയ്പ്പ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേട്ടത്തെ വിശേഷിപ്പിച്ചത്. ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അദ്ദേഹം അഭിനന്ദിച്ചു.

500 മെഗാവാട്ട് റിയാക്ടർ പൂർണ്ണമായും തദ്ദേശീയമായാണ് നിർമ്മിച്ചിരിക്കുന്നത്. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇത്തരം റിയാക്ടറുകൾ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയ്ക്ക് പിന്നാലെ രണ്ടാമതായാണ് ഇന്ത്യ ഇടംപിടിച്ചത്. 200ലധികം ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ച ഈ റിയാക്ടർ, ഭാവിയിൽ ഇന്ത്യയിലെ വമ്പിച്ച തോറിയം നിക്ഷേപം ഊർജ്ജ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ വഴിയൊരുക്കും. വരും വർഷങ്ങളിൽ ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദ ഊർജ്ജ ഉത്പാദനത്തിൽ റിയാക്ടർ വലിയ പങ്ക് വഹിക്കും.
India becomes the second country after Russia to operate a Prototype Fast Breeder Reactor as the Kalpakkam unit attains criticality. A massive leap toward utilizing India’s thorium reserves for clean energy.
