എല്ലാവർക്കും ഏതു സമയത്തും മാനസികാരോഗ്യ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു സ്റ്റാർട്ടപ്പ്. അതും എവിടെയും ഏതു സമയത്തും. ഒപ്പമുണ്ട് 24 മണിക്കൂറും പ്രാദേശിക ഭാഷയിൽ ഓൺലൈനായി തെറാപ്പി ലഭിക്കുന്ന പ്ലാറ്റ്ഫോമായ ‘ഒപ്പം’ എന്ന സ്റ്റാർട്ടപ്പ് .
രണ്ടു വർഷത്തിനുള്ളിൽ ഇവരുടെ സംരംഭം നേടിയത് മൂന്നു കോടിയിലേറെ വരുമാനം. സ്വന്തമാക്കിയത് നാലു കോടി രൂപയുടെ നിക്ഷേപം.
കാസർകോടുകാരായ കെ.എ.അബ്ദുള്ള കുഞ്ഞി, മുഹമ്മദ് ഇബ്രാഹിം ഹവാസ് , മാനസികാരോഗ്യ വിദഗ്ധയായ മുബഷിറ എന്നിവരുടേതാണ് ഈ സംരംഭം.

മാനസികാരോഗ്യ കൗൺസിലിങ് ഓൺലൈനായി ലഭിക്കുമോയെന്ന അന്വേഷണമാണ് 24 മണിക്കൂറും പ്രാദേശിക ഭാഷയിൽ ഓൺലൈനായി തെറാപ്പി ലഭിക്കുന്ന പ്ലാറ്റ്ഫോമായ ‘ഒപ്പം’ എന്ന സംരംഭത്തിലേക്ക് ഇവരെ എത്തിച്ചത്. അങ്ങനെ രണ്ടുവർഷങ്ങൾക്ക് മുമ്പ് ഒപ്പം ഓൺലൈൻ തെറാപ്പി പ്ലാറ്റ്ഫോമിന് തുടക്കമിട്ടു . പത്തു മിനിറ്റിനുള്ളിൽ ലോകത്ത് എവിടെയുള്ളവർക്കും മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷയിൽ തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഇതുവരെ ഒപ്പത്തിലൂടെ 25,000ത്തിലധികം സെഷനുകൾ പൂർത്തിയായി. 40ലേറെ രാജ്യങ്ങളിലുള്ളവർ ഈ സേവനം ഉപയോഗിച്ചു. 24 മണിക്കൂറും സേവനം നൽകാൻ 45ലധികം തെറാപ്പിസ്റ്റുകളും സ്റ്റാർട്ടപ്പിന്റെ ഭാഗമായുണ്ട്.
‘oppam.com‘ എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് വളരെ എളുപ്പത്തിൽ സെഷനുകൾ ബുക്ക് ചെയ്യാം. നിലവിൽ മലയാളം, തമിഴ് ഭാഷകളിൽ തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാണ്. 1000 രൂപ മുതലാണ് നിരക്ക് ഈടാക്കുന്നത്. കൂടുതൽ പ്രാദേശിക ഭാഷകളിൽ കൂടി സേവനം ലഭ്യമാക്കി ദേശീയ തലത്തിലേക്ക് വളരണമെന്നാണ് ലക്ഷ്യമെന്ന് സ്ഥാപകരിൽ ഒരാളായ കെ.എ. അബ്ദുള്ള കുഞ്ഞി പറഞ്ഞു.
വ്യക്തികൾക്കായി കോണ്ഫിഡന്റിൽ തെറാപ്പി, 24 മണിക്കൂറും ഉറപ്പാക്കുന്ന പിന്തുണ, സ്ട്രെസ് ആൻഡ് ബേൺ ഔട്ട് മാനേജ്‌മന്റ്, വർക്ക്- ലൈഫ് മാനേജ്‌മന്റ് സ്ട്രാറ്റജി എന്നിവയാണ് ഒപ്പം ഒരുക്കിയിരിക്കുന്നത്. സ്ഥാപനങ്ങൾക്കായി ലൈഫ് സ്കിൽ വികസനം, പ്രൊഡക്ടിവിറ്റി ബൂസ്റ്റിംഗ് എന്നിവയടക്കം സേവനങ്ങളുമൊരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിൽ 1.5 കോടി രൂപ ഒപ്പം സമാഹരിച്ചിരുന്നു. പിന്നീട് 50 ലക്ഷം കൂടി നിക്ഷേപമെത്തി. യുവസംരംഭകർക്ക് പിന്തുണയേകാൻ സംഘടിപ്പിച്ച ‘മനോരമ ഓൺലൈൻ എലവേറ്റ് സീസൺ 2’ൽ പങ്കെടുത്ത ഒപ്പം ടീം 90 ലക്ഷം രൂപയുടെ നിക്ഷേപം കരസ്ഥമാക്കിയിരുന്നു. ഒ എലവറ്റിന് ശേഷം 1.1 കോടി രൂപ കൂടി സമാഹരിക്കാൻ കഴിഞ്ഞു. അങ്ങനെ സീഡ് റൗണ്ടിൽ നാലുകോടി രൂപ ആകെ സമാഹരിക്കാനായതിന്റെ സന്തോഷത്തിലാണ് സ്റ്റാർട്ടപ്പ്.
Kerala-based mental health startup Oppam raises ₹4 crore in seed funding and crosses ₹3 crore in revenue, offering 24/7 online therapy in regional languages.
