പൊതുവേദികളിലെ തൂവെള്ള ഖാദി ഷർട്ടും മുണ്ടും മാറ്റി സ്റ്റാർട്ടപ്പ് വേദിയിൽ വ്യത്യസ്ത വേഷത്തിൽ തിളങ്ങി മുഖ്യമന്ത്രി വി.ഡി. സതീശൻ. കോവളത്ത് ‘ഹഡിൽ ഗ്ലോബൽ 2026’ വേദിയിലാണ് രസകരമായ സംഭവമുണ്ടായത്. വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചുനോക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച ‘ലൂമിവ്യൂ’ സ്റ്റാൾ സന്ദർശിച്ച മുഖ്യമന്ത്രിയെ, കമ്പനി അധികൃതർ സ്ക്രീനിന്റെ സഹായത്തോടെ വെർച്വൽ മോഡലാക്കി മാറ്റുകയായിരുന്നു. എന്തോ കുസൃതി ഒപ്പിക്കാൻ പോകുന്നതാണെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി, ചിരിച്ചുകൊണ്ട് തന്നെ പരീക്ഷണത്തിന് തയ്യാറായി.

മുഖ്യമന്ത്രിയുടെ കാരിക്കേച്ചറും ജെൻ സീ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അദ്ദേഹത്തിന് നൽകിയ ‘പൂക്കി’ വിശേഷണവുമുള്ള ടി-ഷർട്ടിൽ അദ്ദേഹത്തിന്റെ ചിത്രം സ്ക്രീനിൽ തെളിഞ്ഞു. കാഴ്ച കണ്ട് പൊട്ടിച്ചിരിച്ച മുഖ്യമന്ത്രി, ഉൽപ്പന്നത്തിന്റെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് അടുത്ത സ്റ്റാളിലേക്ക് നീങ്ങിയത്. ഉപഭോക്താക്കൾക്ക് വസ്ത്രങ്ങൾ നേരിട്ട് ധരിച്ചുനോക്കാതെ തന്നെ സ്ക്രീൻ വഴി വ്യത്യസ്ത വേഷങ്ങൾ പരീക്ഷിക്കാനും, വസ്ത്രം ശരീരത്തിന് എത്രത്തോളം ചേരുന്നുവെന്ന് മനസിലാക്കാനും സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ഫാഷൻ സ്റ്റാർട്ടപ്പായ ‘മൈ ഡിസിഗ്നേഷനുമായി’ സഹകരിച്ച് ഉൽപ്പന്നം ഉടൻ തന്നെ വിപണിയിലെത്തിക്കാനാണ് ലൂമിവ്യൂവിന്റെ ലക്ഷ്യം.
Kerala Chief Minister V.D. Satheesan tries out virtual fashion technology at Huddle Global 2026, featuring a Gen Z ‘Pookkie’ t-shirt avatar by startup Lumiview.

