അമേരിക്കയും ഇറാനും തമ്മിൽ 107 ദിവസമായി തുടരുന്ന സൈനിക സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 14 ഇന സമാധാന കരാറിന്റെ കരട് വിവരങ്ങൾ പുറത്ത്. ജൂൺ 19ന് സ്വിറ്റ്‌സർലൻഡിൽ വെച്ച് കരാർ ഔദ്യോഗികമായി ഒപ്പുവെക്കും. ഇറാനിയൻ വാർത്താ ഏജൻസിയായ ‘മെഹർ’ പുറത്തുവിട്ട നിർദ്ദിഷ്ട സമാധാന കരാറിലെ 14 പ്രധാന വ്യവസ്ഥകൾ നോക്കാം.
യുദ്ധം അവസാനിപ്പിക്കൽ
ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലും ഉടനടിയും ശാശ്വതവുമായി യുദ്ധം അവസാനിപ്പിക്കുക.

പരമാധികാരത്തെ മാനിക്കൽ
ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് അമേരിക്ക ഉറപ്പുനൽകുക, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമാധികാരത്തെ മാനിക്കുക.
നാവിക ഉപരോധം നീക്കൽ
30 ദിവസത്തിനകം ഇറാനുമേലുള്ള നാവിക ഉപരോധം പൂർണ്ണമായി പിൻവലിക്കുക.
സൈന്യത്തെ പിൻവലിക്കൽ
ഇറാന്റെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുമെന്ന് ഉറപ്പുനൽകുക.
ഹോർമുസ് കടലിടുക്ക് തുറക്കൽ
ഇറാന്റെ മേൽനോട്ടത്തിലും ക്രമീകരണങ്ങളിലും 30 ദിവസത്തിനകം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക.
എണ്ണ ഉപരോധം നീക്കൽ
പെട്രോളിയം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുമേലുള്ള ഉപരോധം താൽക്കാലികമായി നിർത്തലാക്കുക, ഇവയുടെ വിപണനത്തിലൂടെയുള്ള സാമ്പത്തിക ലാഭം പൂർണ്ണമായി ഉപയോഗിക്കാൻ ഇറാനെ അനുവദിക്കുക.
പുനർനിർമ്മാണ സഹായം
ഇറാന്റെ പുനർനിർമ്മാണത്തിനായി അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് കുറഞ്ഞത് 300 ബില്യൺ ഡോളറിന്റെ പുനർനിർമ്മാണ പദ്ധതികൾ സമർപ്പിക്കുക.
അന്തിമ ചർച്ചകൾ
ആണവ പ്രശ്നങ്ങൾ, യു.എസ് ഉപരോധങ്ങൾ പൂർണ്ണമായി നീക്കൽ, യുഎൻ സുരക്ഷാ കൗൺസിലിന്റെയും ഐഎഇഎ ബോർഡ് ഓഫ് ഗവർണേഴ്സിന്റെയും പ്രമേയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അന്തിമ കരാറിലെത്താൻ 60 ദിവസത്തെ ചർച്ചകൾ നടത്തുക.
ആണവായുധ വിരുദ്ധ നിലപാട്
ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന എൻപിടി പ്രകാരമുള്ള തങ്ങളുടെ പ്രതിബദ്ധത ഇറാൻ വീണ്ടും ആവർത്തിക്കുക.
പുതിയ ഉപരോധങ്ങൾ പാടില്ല
60 ദിവസത്തെ ചർച്ചാ വേളയിൽ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കില്ലെന്നും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തില്ലെന്നും അമേരിക്ക ഉറപ്പുനൽകുക.
മരവിപ്പിച്ച ഫണ്ട് റിലീസ് ചെയ്യൽ
യുഎസ് മരവിപ്പിച്ച ഇറാന്റെ 24 ബില്യൺ ഡോളർ ഫണ്ട് 60 ദിവസത്തെ അന്തിമ ചർച്ചാ കാലയളവിൽ വിട്ടുനൽകുക.
മേൽനോട്ട സമിതി
കരാർ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക മേൽനോട്ട സംവിധാനം രൂപീകരിക്കുക.
യുഎൻ സുരക്ഷാ കൗൺസിൽ അംഗീകാരം
അന്തിമ സമാധാന കരാറിന് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിലൂടെ അംഗീകാരം നൽകുക.
ചർച്ചകളുടെ മുൻഗണന
ഇറാന്റെ മരവിപ്പിച്ച ഫണ്ടിന്റെ പകുതി തുക അനുവദിക്കുകയും, എണ്ണ ഉപരോധം താൽക്കാലികമായി നിർത്തുകയും, നാവിക ഉപരോധം പിൻവലിക്കുകയും ചെയ്ത ശേഷമേ അന്തിമ ചർച്ചകൾ ആരംഭിക്കൂ.
Discover the details of the 14-point US-Iran peace deal to end the 107-day conflict, set to be officially signed in Switzerland on June 19.
