ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതിക മേഖലകളിൽ കേരളത്തിലെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ലോകോത്തര നൈപുണ്യ വികസന അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആഗോള സാങ്കേതിക സ്ഥാപനങ്ങളുമായി കൈകോർത്ത് ‘സ്കിൽ കേരള’ പദ്ധതിക്ക് തുടക്കമാകുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെയും വ്യവസായ മേഖലയെയും സംയോജിപ്പിച്ചാകും പദ്ധതി.

കേരള സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള (ICTAK) യുടെ നേതൃത്വത്തിലാണ് “സ്കിൽ കേരള – ഗ്ലോബൽ പാർട്‌ണർഷിപ്പ് ഫോർ എഐ ആൻഡ് എമർജിംഗ് ടെക്നോളജീസ്” പദ്ധതിക്ക് തുടക്കം കുറിക്കുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതിക മേഖലകളിൽ കേരളത്തിലെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ലോകോത്തര നൈപുണ്യ വികസന അവസരങ്ങൾ ഒരുക്കുക, അവരെ സംരംഭങ്ങളടക്കം ഭാവി ലക്ഷ്യങ്ങളിലേക്ക് സജ്ജരാക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയെയും വ്യവസായ മേഖലയെയും സംയോജിപ്പിച്ചു വിദ്യാർത്ഥികൾക്ക് ആഗോള നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം, സർട്ടിഫിക്കേഷനുകൾ, വ്യവസായ അധിഷ്ഠിത പഠന അവസരങ്ങൾ എന്നിവ ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
ഗൂഗിൾ, ഇന്റൽ, മോംഗോ ഡി ബി, ഇൻഫോസിസ് സ്പ്രിംഗ്ബോർഡ്, നാസ്കോം എഫ്.എസ്.പി. തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിന്റെ യുവജനശേഷിയെ ഭാവിയിലെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്കും എഐ അധിഷ്ഠിത തൊഴിൽ മേഖലകൾക്കും സജ്ജമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായാണ് ‘സ്കിൽ കേരള’ പദ്ധതി അവതരിപ്പിക്കുന്നത്
Kerala launches the ‘Skill Kerala’ initiative via ICTAK, partnering with Google, Intel, and Infosys to equip students with global AI and tech skills.
