പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. യുഎസും ഇറാനും തമ്മിൽ രൂപീകരിച്ച 14 ഇന ധാരണാപത്രത്തിലെ പുരോഗതിയെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഹോർമുസ് കടലിടുക്കിലെ സ്വതന്ത്ര കപ്പൽ ഗതാഗതത്തിന്റെയും വ്യാപാരത്തിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. മേഖലയിലെ പ്രശ്നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും മാത്രമേ പരിഹരിക്കാനാകൂ എന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന മൂന്നാമത്തെ ഫോൺ സംഭാഷണമാണിത്.

അതേസമയം, അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ട്. ജൂലൈ 4 മുതൽ ആരംഭിക്കുന്ന ആറ് ദിവസത്തെ ഔദ്യോഗിക ചടങ്ങുകളിൽ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ, ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈൻ എന്നിവർ ടെഹ്‌റാനിലെ ചടങ്ങുകളിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.
PM Narendra Modi held talks with Iranian President Masoud Pezeshkian to discuss regional peace, the US-Iran 14-point agreement, and security in the Strait of Hormuz.