ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാനാവശ്യപ്പെട്ടുള്ള വ്യാജ ഇ-മെയിലുകൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേന്ദ്രത്തിന്റെ ഫാക്ട് ചെക്ക് വിഭാഗമായ PIB Fact Check ആണ് സംഭവത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തിക വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ആവശ്യപ്പെട്ട് വരുന്ന ഇമെയിലുകൾ, എസ്എംഎസുകൾ, ഫോൺ കോളുകൾ എന്നിവയ്ക്കോ വ്യാജ ലിങ്കുകൾക്കോ മറുപടി നൽകരുതെന്നാണ് നിർദേശം. ഇത്തരം ഫിഷിംഗ് ഇമെയിലുകൾ സംബന്ധിച്ച് പരാതിപ്പെടാൻ https://www.incometaxindia.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണെന്നും നിർദേശത്തിൽ പറയുന്നു.
ഉപഭോക്താക്കളുടെ വ്യക്തിഗത-സാമ്പത്തിക വിവരങ്ങൾ ചോർത്താനായാണ് “ഡൗൺലോഡ് ഇ-പാൻ കാർഡ് ഓൺലൈൻ: സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് ഗൈഡ്” എന്നുകാണിച്ച് തട്ടിപ്പുകാർ ഇമെയിലുകൾ അയക്കുന്നത്. ആദായവകുപ്പ് നൽകുന്ന ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലളിത വഴികൾ എന്ന വ്യാജേനയാണ് ഇമെയിൽ. ഇത്തരം സംശയാസ്പദമായ ലിങ്കുകളിലോ ഇമെയിലുകളിലോ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്നും, ഫോൺ കോളുകൾ, എസ്എംഎസ് എന്നിവ വഴി രഹസ്യവിവരങ്ങൾ പങ്കുവെക്കരുതെന്നും പിഐബി മുന്നറിയിപ്പ് നൽകുന്നു.
Beware of fake e-PAN card emails! PIB Fact Check warns users against clicking suspicious links asking for personal and financial details. Stay safe online
