അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ ചർച്ചയാവുകയാണ്. ശിവകുമാറിന്റെ സദാശിവനഗറിലെ വസതിയിൽ വെച്ചായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇതൊരു സൗഹൃദ സന്ദർശനം മാത്രമായിരുന്നു എന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും വിവധ തലത്തിൽ ഈ കൂടിക്കാഴ്ച ചർച്ചചെയ്യപ്പെടുന്നുണ്ട്.

മറ്റ് പരിപാടികൾക്കായി ബെംഗളൂരുവിൽ എത്തിയ അദാനി, വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴിയാണ് ശിവകുമാറിനെ സന്ദർശിച്ചത്. താൻ മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അദാനി തന്നെ സന്ദർശിക്കുന്നതെന്നും, സംസ്ഥാനത്ത് അദാനി ഗ്രൂപ്പിന് വിവിധ ബിസിനസുകൾ ഉള്ളതിനാൽ മര്യാദയുടെ പുറത്തുള്ള സന്ദർശനം മാത്രമായിരുന്നു ഇതെന്നും ശിവകുമാർ പറഞ്ഞു.
എന്നാൽ ഹെബ്ബാൾ-സിൽക്ക് ബോർഡ് ടണൽ റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്ന് സൂചനയുണ്ട്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ട 17 കിലോമീറ്റർ നീളമുള്ള ഹെബ്ബാൾ-സിൽക്ക് ബോർഡ് ഭൂഗർഭ പാതയുടെ ടെണ്ടറിൽ അദാനി എന്റർപ്രൈസസാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. 17,698 കോടി രൂപയാണ് സർക്കാർ കണക്കാക്കിയിരിക്കുന്ന പദ്ധതി ചെലവ്. എന്നാൽ അദാനി ഗ്രൂപ്പിന്റെ ബിഡ് തുക സർക്കാരിന്റെ കണക്കുകൂട്ടലിനേക്കാൾ ഏകദേശം 4,600 കോടി രൂപ കൂടുതലാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) നടപ്പാക്കുന്ന പദ്ധതിയിൽ 40% തുക സംസ്ഥാന സർക്കാരും ബാക്കി തുക കരാറെടുക്കുന്ന കമ്പനിയും കണ്ടെത്തണം. എന്നാൽ ഈ ടെൻഡർ ഇതുവരെ ഔദ്യോഗികമായി അന്തിമമാക്കിയിട്ടില്ല.
അദാനി-ശിവകുമാർ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ഡൽഹിയിൽ അദാനിക്കെതിരെ സമരം ചെയ്യുകയും കർണാടകയിൽ അദാനിക്ക് ചുവപ്പ് പരവതാനി വിരിക്കുകയുമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് നിയമസഭാ പ്രതിപക്ഷ നേതാവ് ആർ. അശോക് ആരോപിച്ചു. ദേശീയതലത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ഇതെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. അതേസമയം, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കാര്യക്ഷമതയെയും ടോൾ ഭാരത്തെയും കുറിച്ച് ഉയർന്ന ചോദ്യങ്ങൾ കാരണം വിവിധ സിറ്റിസൺ ഗ്രൂപ്പുകളും പദ്ധതിക്കെതിരെ രംഗത്തുണ്ട്. ബി.ജെ.പി എം.പി തേജസ്വി സൂര്യ പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Adani Group Chairman Gautam Adani met Karnataka Chief Minister D.K. Shivakumar in Bengaluru on Sunday for what the Chief Minister’s Office described as a courtesy meeting. This marks the first official meeting between the two leaders since Adani Enterprises emerged as the lowest bidder for Bengaluru’s ambitious 17-kilometer underground transit corridor connecting Hebbal in the north to Silk Board in the south.
