വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന കായംകുളം രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്ലാന്റിന് (NTPC Kayamkulam) പുനർജീവൻ നൽകാൻ കൊച്ചി-കന്യാകുമാരി പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതി വഴിയൊരുക്കുന്നു. ഉയർന്ന ഉൽപ്പാദനച്ചെലവ് കാരണം നാഫ്ത അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം നിർത്തിവെക്കേണ്ടി വന്ന പ്ലാന്റ്, വരാനിരിക്കുന്ന പൈപ്പ്ലൈൻ കണക്റ്റിവിറ്റിയുടെ സഹായത്തോടെ വൈദ്യുതി ആവശ്യകതയേറിയ പീക്ക് അവറുകളിൽ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) നേതൃത്വത്തിൽ കൊച്ചി മുതൽ കന്യാകുമാരി വരെ നടപ്പിലാക്കുന്ന പുതിയ പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതിയിലൂടെ തെക്കൻ കേരളത്തിലേക്ക് തടസ്സമില്ലാതെ എൽ.എൻ.ജി. എത്തിക്കാൻ സാധിക്കും. ഇതിലൂടെ പവർ പ്ലാന്റുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് പുറമെ, സിറ്റി ഗ്യാസ് ഡെവലപ്മെന്റ് പദ്ധതികളുടെ വ്യാപ്തി വർദ്ധിപ്പിക്കാനും, വ്യവസായ-ഗാർഹിക മേഖലകളിൽ കുറഞ്ഞ ചെലവിൽ ഹരിത ഇന്ധനം ലഭ്യമാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The upcoming Kochi-Kanyakumari natural gas pipeline aims to revive NTPC’s Kayamkulam power plant by supplying cost-effective LNG during peak demand hours
