ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൈനിക-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ബ്രസീലിയൻ സൈന്യത്തിന്റെ കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് സ്കൂളിൽ നിന്നുള്ള ഉന്നതതല സംഘം 14 ദിവസത്തെ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി. ഇന്ത്യയുടെ അതിവേഗം വളരുന്ന പ്രതിരോധ നിർമാണ മേഖലയെയും അത്യാധുനിക സൈനിക സാങ്കേതികവിദ്യകളെയും നേരിട്ടറിയുന്നതിനാണ് ഈ ദീർഘകാല സന്ദർശനം.

സന്ദർശന വേളയിൽ ബ്രസീലിയൻ ഉദ്യോഗസ്ഥർ ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും പ്രതിരോധ വ്യവസായ മേഖലയിലെ പ്രമുഖരുമായും ചർച്ചകൾ നടത്തും. ബംഗളൂരുവിലെ ബ്രഹ്മോസ് എയറോസ്പേസ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് എന്നിവയുടെ നിർമാണ യൂണിറ്റുകൾ സംഘം സന്ദർശിക്കും. പ്രതിരോധ വിതരണ ശൃംഖല വൈവിധ്യവത്കരിക്കാൻ ലക്ഷ്യമിടുന്ന ബ്രസീലിന്, ഈ സംഘത്തിന്റെ സാങ്കേതിക വിലയിരുത്തലുകൾ ഭാവിയിലെ ആയുധ ശേഖരണത്തിൽ നിർണായകമാകും.
ശ്രദ്ധാകേന്ദ്രമായി ബ്രഹ്മോസും ആകാശും
ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ച ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ ‘ബ്രഹ്മോസ്’ (BrahMos) ആണ് ബ്രസീലിയൻ പ്രതിനിധി സംഘത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. രാജ്യത്തിന്റെ വിശാലമായ അറ്റ്ലാന്റിക് തീരപ്രദേശം സംരക്ഷിക്കുന്നതിനായി മിസൈലിന്റെ കപ്പൽ വിരുദ്ധ, കൃത്യതയാർന്ന ആക്രമണ ശേഷികളിൽ ബ്രസീൽ വലിയ താൽപ്പര്യം കാണിക്കുന്നുണ്ട്. കരാർ യാഥാർത്ഥ്യമായാൽ ലാറ്റിൻ അമേരിക്കൻ പ്രതിരോധ വിപണിയിൽ ഇന്ത്യയ്ക്ക് അത് വലിയ നേട്ടമാകും.
ഇതിനുപുറമെ, ബ്രസീലിന്റെ വ്യോമ പ്രതിരോധ സംവിധാനം ആധുനികവത്കരിക്കുന്നതിനായി ഇന്ത്യയുടെ ‘ആകാശ്’ (Akash) ഉപരിതല-വ്യോമ മിസൈൽ സംവിധാനവും വിലയിരുത്തുന്നുണ്ട്. 50 കിലോമീറ്റർ വരെ പരിധിയുള്ളതും എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാൻ ശേഷിയുള്ളതുമായ ആകാശ് മിസൈലിന്റെ അത്യാധുനിക പതിപ്പായ ‘ആകാശ്-എൻ.ജി’ (Akash-NG) ആണ് ബ്രസീൽ പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) സന്ദർശിക്കുന്ന സംഘം മിസൈലിന്റെ റഡാറുകളും കമാൻഡ് ആൻഡ് കൺട്രോൾ സാങ്കേതികവിദ്യകളും പരിശോധിക്കും. ബ്രസീലിൽ പുതിയ കോർപ്പറേറ്റ് ഓഫീസ് തുറക്കാനും ബെൽ (BEL) പദ്ധതിയിടുന്നുണ്ട്.
പീരങ്കി വ്യൂഹങ്ങളും നാവിക സഹകരണവും
കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് നിർമിച്ച ഭാരം കുറഞ്ഞ പീരങ്കി സംവിധാനമായ ‘ഗരുഡ 105 വി2’ (Garuda 105 V2) വിലും ബ്രസീൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബ്രസീലിന്റെ ആമസോൺ വനമേഖലകൾ പോലുള്ള ദുർഘടമായ പ്രദേശങ്ങളിൽ ഉപയോഗിക്കാൻ ഇത് ഏറെ അനുയോജ്യമാണ്.
നാവിക മേഖലയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണ്. ഇന്ത്യയുടെ മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡും (MDL) ബ്രസീലും ചേർന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെ പരിപാലനത്തിനായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ സൈമൺസ് ടൗണിൽ ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ പങ്കെടുത്ത IBSAMAR IX നാവികാഭ്യാസം പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദർശനം.
സംയുക്ത നിർമാണത്തിലേക്ക്
വെറുമൊരു ആയുധ വിൽപ്പന എന്നതിലുപരി സംയുക്ത വികസനത്തിനും നിർമാണത്തിനുമാണ് ഇരുരാജ്യങ്ങളും ഇപ്പോൾ മുൻഗണന നൽകുന്നത്. ടോറസ് ആർമാസ്, സി.ബി.സി തുടങ്ങിയ ബ്രസീലിയൻ കമ്പനികൾ നിലവിൽ തന്നെ ഇന്ത്യൻ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
വ്യോമയാന രംഗത്ത് ബ്രസീലിയൻ കമ്പനിയായ ‘എംബ്രായർ’ (Embraer), അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസുമായി ചേർന്ന് E175 റീജിയണൽ ജെറ്റുകൾ നിർമിക്കുന്നതിനുള്ള പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിക്കാൻ കരാറിലേർപ്പെട്ടിട്ടുണ്ട്. ഇത് ഇന്ത്യയിലെ ‘ഉഡാൻ’ (UDAN) പദ്ധതിക്ക് വലിയ കരുത്താകും. കൂടാതെ ഹിൻഡാൽകോയുമായി ചേർന്ന് വിമാന നിർമാണത്തിനാവശ്യമായ അലുമിനിയം വിതരണ ശൃംഖല വികസിപ്പിക്കാനും എംബ്രായർ ലക്ഷ്യമിടുന്നു
A high-level Brazilian military delegation visits India to evaluate BrahMos cruise missiles and Akash air-defense systems to boost maritime security and defense cooperation.
