ആഗോള തുറമുഖ, ലോജിസ്റ്റിക്സ്, ഊർജസംഭരണ മേഖലകളിൽ സാന്നിധ്യം വിപുലീകരിക്കാൻ വൻ ഏറ്റെടുക്കലുമായി അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ). നെതർലൻഡ്സ് ആസ്ഥാനമായ EVOS B.V. കമ്പനിയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിനുള്ള കരാറിൽ അദാനി പോർട്സ് ഒപ്പുവച്ചു. യൂറോപ്പിലെ രണ്ടാമത്തെ വലിയ സ്വതന്ത്ര ലിക്വിഡ് സ്റ്റോറേജ് ഓപ്പറേറ്ററായ EVOSനെ 256 കോടി യൂറോയുടെ എന്റർപ്രൈസ് മൂല്യത്തിലാണ് ഏറ്റെടുക്കുന്നത്. ഇന്ത്യൻ രൂപയിൽ ഏകദേശം ₹27,000 കോടിയിലേറെയാണ് ഈ മൂല്യം.

നവംബർ അഞ്ചിനാണ് അദാനി പോർട്സ് ഏറ്റെടുക്കൽ പ്രഖ്യാപിച്ചത്. യൂറോപ്പിലെ പ്രധാന തുറമുഖങ്ങളിലും ഊർജവ്യാപാര കേന്ദ്രങ്ങളിലും നേരിട്ടുള്ള സാന്നിധ്യം ഉറപ്പിക്കുന്നതാണ് പുതിയ കരാർ. നെതർലൻഡ്സ്, ജർമനി, സ്പെയിൻ, ബെൽജിയം, മാൾട്ട എന്നീ അഞ്ച് രാജ്യങ്ങളിലായി എട്ട് പ്രധാന തുറമുഖാധിഷ്ഠിത ലിക്വിഡ് സ്റ്റോറേജ് ടെർമിനലുകളാണ് EVOS പ്രവർത്തിപ്പിക്കുന്നത്.
യൂറോപ്പിലെ പ്രധാന ഊർജവ്യാപാര കേന്ദ്രങ്ങളായ ആംസ്റ്റർഡാം–റോട്ടർഡാം–ആന്റ്വെർപ് മേഖല, ജർമനിയിലെ ഹാംബർഗ്, മെഡിറ്ററേനിയൻ തീരപ്രദേശം എന്നിവിടങ്ങളിലാണ് കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങൾ.
ആകെ 63 ലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഈ ശൃംഖലയിൽ 452 സംഭരണ ടാങ്കുകളും കപ്പലുകൾക്കും ബാർജുകൾക്കുമായി 63 ബെർത്തുകളുമുണ്ട്. 2025ൽ 3.7 കോടി മെട്രിക് ടൺ ദ്രവ ചരക്കുകളാണ് EVOSന്റെ ടെർമിനലുകൾ വഴി കൈകാര്യം ചെയ്തത്. യൂറോപ്പിലെ പ്രധാന വ്യവസായ, ഊർജകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പൈപ്പ്ലൈൻ സംവിധാനങ്ങളും കമ്പനിക്കുണ്ട്. ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളവുമായും സെൻട്രൽ യൂറോപ്പ് പൈപ്പ്ലൈൻ സംവിധാനവുമായുമുള്ള ബന്ധങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
പരമ്പരാഗത പെട്രോളിയം ഉൽപ്പന്നങ്ങൾക്കൊപ്പം ഭാവിയിലെ ബദൽ ഇന്ധനങ്ങളുടെ സംഭരണത്തിലും EVOS പ്രവർത്തിക്കുന്നുണ്ട്. പെട്രോൾ, ഡീസൽ, കപ്പലുകൾക്കുള്ള ഇന്ധനം, വിമാന ഇന്ധനം എന്നിവയ്ക്ക് പുറമെ സുസ്ഥിര വ്യോമയാന ഇന്ധനം (Sustainable Aviation Fuel), ബയോഫ്യുവൽ, മെഥനോൾ, ബയോഎഥനോൾ തുടങ്ങിയ ഉൽപ്പന്നങ്ങളും കമ്പനിയുടെ സംഭരണ സംവിധാനങ്ങളിൽ കൈകാര്യം ചെയ്യുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അദാനി പോർട്സ് അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവർത്തനം വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. EVOS ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ യൂറോപ്പിലെ പ്രധാന ഊർജസംഭരണ കേന്ദ്രങ്ങളിലേക്ക് കമ്പനിയുടെ പ്രവർത്തനം വ്യാപിക്കും. കമ്പനിയുടെ പ്രഖ്യാപനപ്രകാരം പുതിയ ഏറ്റെടുക്കലിലൂടെ ആഗോള സാന്നിധ്യം പത്ത് രാജ്യങ്ങളിലായി 28 തുറമുഖങ്ങളും ടെർമിനലുകളുമായി വികസിക്കും.
ചരക്കുനീക്കം, തുറമുഖ പ്രവർത്തനം, ലോജിസ്റ്റിക്സ്, സംഭരണം, വിതരണശൃംഖല തുടങ്ങിയ മേഖലകളെ ഏകോപിപ്പിക്കുന്ന ആഗോള ട്രാൻസ്പോർട്ട് പ്ലാറ്റ്ഫോം വികസിപ്പിക്കുകയാണ് അദാനി പോർട്സിന്റെ ദീർഘകാല ലക്ഷ്യം.പ്രതിവർഷം 100 കോടി ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള ലക്ഷ്യത്തിലേക്കുള്ള കമ്പനിയുടെ മുന്നേറ്റത്തിൽ EVOS ഏറ്റെടുക്കൽ നിർണായകമാണെന്ന് അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി വ്യക്തമാക്കി.EVOSനെ അദാനി പോർട്സിന്റെ ബിസിനസ് ശൃംഖലയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കരൺ അദാനി പറഞ്ഞു.
ഇന്ത്യയിലെ തുറമുഖ പ്രവർത്തനങ്ങൾക്ക് പുറമെ ശ്രീലങ്കയിലെ കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനൽ, ഓസ്ട്രേലിയ, ഇസ്രയേൽ, ടാൻസാനിയ എന്നിവിടങ്ങളിലും അദാനി പോർട്സിന് അന്താരാഷ്ട്ര പ്രവർത്തനങ്ങളുണ്ട്.കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കമ്പനിയുടെ പ്രധാന ആഗോള ട്രാൻസ്ഷിപ്പ്മെന്റ് പദ്ധതികളിലൊന്നാണ്.വിഴിഞ്ഞവും കൊളംബോയും പോലുള്ള തുറമുഖങ്ങൾ കണ്ടെയ്നർ ചരക്കുനീക്കത്തിലും ട്രാൻസ്ഷിപ്പ്മെന്റിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Adani Ports and Special Economic Zone (APSEZ) has announced plans to acquire a 100% stake in Netherlands-based EVOS B.V., Europe’s second-largest independent liquid storage operator, at an enterprise value of €2.56 billion. EVOS operates eight port-based liquid storage terminals across five European countries: the Netherlands, Germany, Spain, Belgium, and Malta. The acquisition will significantly strengthen Adani Ports’ presence in Europe’s key energy storage and logistics hubs. Once completed, the deal is expected to expand APSEZ’s global network to 28 ports and terminals across 10 countries, marking a major milestone in the company’s international expansion.

