ഇറ്റാലിയൻ വാണിജ്യ വാഹന നിർമ്മാതാക്കളായ ഇവേകോ ഗ്രൂപ്പിന്റെ (Iveco Group) ഭൂരിഭാഗം ഓഹരികളും ടാറ്റാ മോട്ടോഴ്സ് സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വ്യാവസായിക, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ദൃഢമാകുന്ന സാഹചര്യത്തിലാണ് ഉന്നതതല കൂടിക്കാഴ്ച നടന്നത്. ഇവേകോയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷമുള്ള ടാറ്റാ ഗ്രൂപ്പിന്റെ ആഗോള വികസന തന്ത്രങ്ങളും ഭാവി പദ്ധതികളും ചന്ദ്രശേഖരൻ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.

ക്യാഷ് ടെൻഡർ ഓഫറിലൂടെ ഇവേകോയുടെ 89.42 ശതമാനം ഓഹരികൾ ഏകദേശം 3.43 ബില്യൺ യൂറോയ്ക്കാണ് ടാറ്റാ മോട്ടോഴ്സ് സ്വന്തമാക്കിയത്. ഇതോടെ ഇവേകോ ടാറ്റാ മോട്ടോഴ്സിന്റെ ഉപകമ്പനിയായി മാറിയിരിക്കുകയാണ്. ടൂറിനിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ, ഈ സങ്കീർണ്ണമായ ഏറ്റെടുക്കൽ നടപടികളിലുടനീളം നിർണായക പിന്തുണയും പ്രോത്സാഹനവും നൽകിയ ഇറ്റാലിയൻ സർക്കാരിനും പ്രധാനമന്ത്രി ജോർജിയ മെലോണിക്കും വ്യവസായ മന്ത്രി അഡോൾഫോ ഉർസോയ്ക്കും ചന്ദ്രശേഖരൻ പ്രത്യേകം നന്ദി അറിയിച്ചു.
Tata Sons Chairman N. Chandrasekaran meets Italian PM Giorgia Meloni in Rome following Tata Motors’ €3.43 billion acquisition of Iveco Group.
