മംഗളൂരു സെൻട്രൽ – മുംബൈ ലോകമാന്യ തിലക് ടെർമിനസ് (LTT) മത്സ്യഗന്ധ എക്സ്പ്രസിന്റെ (ട്രെയിൻ നമ്പർ 12619/12620) സൂപ്പർഫാസ്റ്റ് പദവി റെയിൽവേ ഒഴിവാക്കി. 2027 ജനുവരി 6 മുതൽ ട്രെയിൻ സാധാരണ മെയിൽ/എക്സ്പ്രസ് ഗണത്തിലാകും സർവീസ് നടത്തുക. ട്രെയിൻ കാറ്റഗറി മാറ്റുന്നതോടെ ടിക്കറ്റിനൊപ്പം ഈടാക്കിയിരുന്ന സൂപ്പർഫാസ്റ്റ് ചാർജുകൾ ഒഴിവാക്കപ്പെടും. ഇതോടെ യാത്രക്കാർക്ക് ക്ലാസുകൾക്ക് അനുസരിച്ച് 15 രൂപ മുതൽ 45 രൂപ വരെ ടിക്കറ്റ് നിരക്കിൽ കുറവ് ലഭിക്കും.

സൂപ്പർഫാസ്റ്റ് പദവി നിലനിർത്താൻ ആവശ്യമായ 55 കി.മീ/മണിക്കൂർ ശരാശരി വേഗത മത്സ്യഗന്ധ എക്സ്പ്രസിനില്ലെന്നും അതിനാൽ അധിക ചാർജ് ഈടാക്കരുതെന്നും യാത്രാ സംഘടനകൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്നു. ജനുവരി 6 മുതൽ ഈ ട്രെയിൻ 16369/16370 എന്ന പുതിയ നമ്പരിലാകും സർവീസ് നടത്തുകയെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസുമായി (16347/16348) റെയ്ക്ക് പങ്കിടുന്ന മത്സ്യഗന്ധ എക്സ്പ്രസ് തിരുവനന്തപുരം ഡിവിഷന്റെ കീഴിലാണ്.
Indian Railways removes the Superfast tag from the Mangaluru-Mumbai Matsyagandha Express, reducing ticket fares by up to ₹45 starting January 2027.

