ഉത്തരപ്രദേശിലെ കർഷകർ ഇനി കൃഷിക്ക് പുറമെ രാജ്യത്തിനാവശ്യമായ ഇന്ധനവും ഉത്പാദിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാതാ മന്ത്രി നിതിൻ ഗഡ്കരി. വെള്ളത്തിൽ നിന്നും കരിമ്പ്, സോയാബിൻ, നെല്ല് എന്നിവയുടെ അവശിഷ്ടങ്ങളിൽ നിന്നും ഹൈഡ്രജൻ നിർമ്മിച്ച് ഭാവിയിൽ വിമാനങ്ങളും കാറുകളും റെയിൽവേ എഞ്ചിനുകളും വരെ പ്രവർത്തിപ്പിക്കാൻ കർഷകർക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജൗൺപൂരിലെ മുൻഗ്ര ബാദ്ഷാപ്പൂരിൽ 3,650 കോടി രൂപ ചെലവ് വരുന്ന ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനിസിപ്പൽ മാലിന്യങ്ങളും കാർഷിക അവശിഷ്ടങ്ങളും ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യു.പിയിൽ തുടക്കമിടുമെന്ന് ഗഡ്കരി വ്യക്തമാക്കി. പെട്രോളിയം ഇറക്കുമതിക്കായി ഇന്ത്യ പ്രതിവർഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും കർഷകർ ഇന്ധന ഉത്പാദനത്തിലേക്ക് കടക്കുന്നതോടെ രാജ്യം വലിയ സാമ്പത്തിക വളർച്ച കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം നവംബർ 26-ന് എഥനോളിൽ പ്രവർത്തിക്കുന്ന പുതിയ ടൊയോട്ട ഇന്നോവ പുറത്തിറക്കുമെന്നും ഇതിന് ലിറ്ററിന് 25 രൂപ മാത്രമായിരിക്കും യാത്രാച്ചെലവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Union Minister Nitin Gadkari announces UP farmers will produce hydrogen from water and agricultural waste to power vehicles, alongside launching 100% bio-ethanol Toyota Innova.
