ഐ.ഐ.ടി കാൺപൂരിന്റെ മേൽനോട്ടത്തിൽ കൃത്രിമ മഴ (ക്ലൗഡ് സീഡിങ്) പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും പഠനം പൂർത്തിയായി അനുകൂല ഫലം ലഭിച്ചാലുടൻ ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിടുമെന്നും ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ. കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള നടപടികളും മഴ ലഭിക്കാനുള്ള സാധ്യതകളും സംബന്ധിച്ച വിവരങ്ങൾ പഠനശേഷം പങ്കുവെക്കുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ഗവേഷണങ്ങളുടെ ഭാഗമായാണ് ഐ.ഐ.ടി കാൺപൂർ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്നത്. പരീക്ഷണങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ സ്ഥാപനത്തിൽ നിന്ന് നേരിട്ട് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. “കൃത്രിമ മഴയ്ക്കായുള്ള പരീക്ഷണങ്ങൾക്ക് ഐ.ഐ.ടി കാൺപൂരാണ് നേതൃത്വം നൽകുന്നത്. അവരുടെ ഗവേഷണത്തിന്റെ ഭാഗമായി തുടർച്ചയായ പരീക്ഷണങ്ങൾ നടന്നുവരികയാണ്. ഇത് എപ്പോൾ, എങ്ങനെ നടപ്പാക്കുന്നു എന്നതടക്കമുള്ള കൃത്യമായ വിവരങ്ങൾ ഐ.ഐ.ടി കാൺപൂരിൽ നിന്ന് നേരിട്ട് അറിയാനാകും. നേരത്തെ സൂചിപ്പിച്ചതുപോലെ ഇതൊരു തുടർച്ചയായ പഠനത്തിന്റെ ഭാഗമാണ്. പഠനം പൂർത്തിയായി അനുകൂല ഫലം ലഭിച്ചാലുടൻ കൃത്രിമ മഴ എപ്പോൾ, എങ്ങനെ പെയ്യിക്കുമെന്നും എന്നത്തേക്ക് മഴ പ്രതീക്ഷിക്കാമെന്നുമുള്ള വിവരങ്ങൾ ഞങ്ങൾ നൽകും,” സിർസ വ്യക്തമാക്കി.
അതേസമയം, ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുഗുണനിലവാരം മെച്ചപ്പെട്ടതായി മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണഗതിയിൽ ദീപാവലിക്ക് ശേഷം വായുമലിനീകരണ തോത് (എ.ക്യു.ഐ) ഉയർന്നുനിൽക്കാറാണ് പതിവ്. എന്നാൽ ഇത്തവണ ശക്തമായ കാറ്റ് വീശിയത് മലിനീകരണ തോത് കുറയ്ക്കാൻ സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ ആവശ്യമായ എല്ലാ നടപടികളും തുടർച്ചയായി സ്വീകരിച്ചുവരികയാണെന്നും, ഇതിനായി ശക്തമായി പോരാടിയ ഡൽഹിയിലെ ജനങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ വീണ്ടും കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഐ.ഐ.ടി കാൺപൂർ പഠനം നടത്തിവരികയാണെന്ന് സ്ഥാപനത്തിലെ ഉന്നത വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. അന്തരീക്ഷത്തിൽ ഇതിനാവശ്യമായ ഈർപ്പമുണ്ടോ എന്ന് വിലയിരുത്താനാണ് പരിശോധന നടത്തുന്നത്. അനുകൂലമായ അന്തരീക്ഷ ഈർപ്പം സ്ഥിരീകരിച്ചാൽ മാത്രമേ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. ഇതിനായുള്ള വിമാനം പൂർണ്ണ സജ്ജമാണെന്നും ഡൽഹിയിൽ നിന്നായിരിക്കും വിമാനം പറന്നുയരുകയെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ബുധനാഴ്ച കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) 299 ആയി രേഖപ്പെടുത്തി. ‘മോശം’ (പുവർ) വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നതെങ്കിലും മുൻദിവസങ്ങളെ അപേക്ഷിച്ച് തലസ്ഥാനത്തെ വായുനിലവാരത്തിൽ നേരിയ ആശ്വാസമുണ്ട്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി നഗരത്തിലുടനീളം വാട്ടർ സ്പ്രിംഗ്ളറുകൾ ഉപയോഗിച്ച് ഡൽഹി സർക്കാർ മലിനീകരണ നിയന്ത്രണ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
സി.പി.സി.ബിയുടെ കണക്കുകൾ പ്രകാരം നഗരത്തിലെ ഭൂരിഭാഗം നിരീക്ഷണ കേന്ദ്രങ്ങളിലും വായുഗുണനിലവാരം ഇപ്പോഴും ആശങ്കാജനകമായ ‘വളരെ മോശം’ (വെരി പുവർ) വിഭാഗത്തിൽ തന്നെയാണ്. 396 എ.ക്യു.ഐ രേഖപ്പെടുത്തിയ ഛാവ്ലയിലാണ് ഏറ്റവും ഉയർന്ന മലിനീകരണ തോത്. ചാന്ദ്നി ചൗക്ക് (379), ഡി.ടി.യു (375), ഐ.ഐ.ടി ഡൽഹി (375), നോർത്ത് ക്യാമ്പസ് (374), ഐ.ടി.ഒ (367), ബുറാഡി ക്രോസിങ് (362), എൻ.ഐ.എച്ച് നരേല (352), എൻ.എസ്.യു.ടി ജാഫർപൂർ (351), എൻ.എസ്.ഐ.ടി ദ്വാരക (350), സി.ആർ.ആർ.ഐ മഥുര റോഡ് (348), പഞ്ചാബി ബാഗ് (341), ജെ.എൻ.യു (339), ആയാ നഗർ (337), തൽക്കത്തോറ ഗാർഡൻ (331), വിവേക് വിഹാർ (326), സിരിഫോർട്ട് (321), വസീർപൂർ (321), ജഹാംഗീർപുരി (320), ബുറാഡി (315), ബദർപൂർ (312), മുണ്ട്ക (305), ആനന്ദ് വിഹാർ (304), ബവാന (304), ആർ.കെ പുരം (300) എന്നിവിടങ്ങളിലെല്ലാം വായുനിലവാരം വളരെ മോശം അവസ്ഥയിലാണ്.
തലസ്ഥാനത്തെ മറ്റ് ചില പ്രദേശങ്ങളിൽ വായുഗുണനിലവാരം ‘മോശം’ (പുവർ) വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഹിണി (298), അശോക് വിഹാർ (298), ദ്വാരക-സെക്ടർ 8 (295), ജറോദ കലാൻ (289), ഇഗ്നോ മൈദാൻ ഗർഹി (287), ഐ.ജി.ഐ വിമാനത്താവളം ടി3 (282), അലിപൂർ (279), ഉത്തം നഗർ (259) എന്നിങ്ങനെയാണ് ഇവിടങ്ങളിലെ നിരക്ക്. ഈ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ മലിനീകരണ തോത് രേഖപ്പെടുത്തിയത് ഐ.എം.ഡി ലോധി റോഡിലാണ് (203).
IIT Kanpur leads cloud seeding trials in Delhi to induce artificial rain. Learn how officials plan to curb severe air pollution and improve AQI levels.

