വിദേശത്ത് നിന്നുള്ള കുറഞ്ഞ വിലയിലുള്ള അലൂമിനിയം ഇറക്കുമതി തദ്ദേശീയ നിർമ്മാണ മേഖലയ്ക്കും പ്രത്യേകിച്ച് എം.എസ്.എം.ഇ (MSME) യൂണിറ്റുകൾക്കും വൻ ഭീഷണിയാകുന്ന സാഹചര്യത്തിൽ ചൈന, മലേഷ്യ, വിയറ്റ്നാം, തായ്ലൻഡ് എന്നീ രാജ്യങ്ങൾക്കെതിരെ ഇന്ത്യ അന്വേഷണം ആരംഭിച്ചു. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് (DGTR) ആണ് വിഷയത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചത്. അലൂമിനിയം എക്സ്ട്രൂഷൻ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ALEMAI) നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നീക്കം.

വാതിലുകൾ, ജനലുകൾ, സോളാർ സ്ട്രക്ചറുകൾ, ഫർണിച്ചറുകൾ, വ്യവസായ ഫ്രെയിമുകൾ, സൈക്കിൾ ഭാഗങ്ങൾ എന്നിവയ്ക്കുപയോഗിക്കുന്ന അലൂമിനിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിലാണ് ഈ പരിശോധന. അന്വേഷണത്തിൽ ഈ രാജ്യങ്ങൾ കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് ഉൽപ്പന്നങ്ങൾ തള്ളുന്നതായി വ്യക്തമായാൽ തദ്ദേശീയ മേഖലയെ സംരക്ഷിക്കാൻ ആന്റി-ഡംപിങ് തീരുവ (Anti-dumping duty) ചുമത്താൻ ഡി.ജി.ടി.ആർ ശുപാർശ ചെയ്യും. ധനകാര്യ മന്ത്രാലയമാണ് ആന്റി-ഡംപിങ് തീരുവ ഏർപ്പെടുത്തുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
India’s DGTR initiates an anti-dumping probe into cheap aluminium imports from China, Malaysia, Vietnam, and Thailand to protect domestic MSMEs.
