ഇലക്ട്രിക് വാഹനങ്ങളിലെയും ബാറ്ററികളിലെയും നിർണായക ഘടകമായ ലിഥിയത്തിന്റെ വിതരണ ശൃംഖല ശക്തമാക്കാൻ റഷ്യൻ പദ്ധതികളിൽ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യ. പ്രമുഖ പൊതുമേഖലാ ഖനന കമ്പനിയായ എൻ.എം.ഡി.സി ലിമിറ്റഡ് (NMDC) റഷ്യൻ സർക്കാർ ആണവോർജ കോർപ്പറേഷനായ റോസറ്റവുമായി (Rosatom) ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ലിഥിയം ഖനനത്തിലും സംസ്കരണത്തിലും പങ്കാളികളാകുന്നതിനായി എൻ.എം.ഡി.സി പ്രതിനിധികൾ കഴിഞ്ഞ മാസം റഷ്യ സന്ദർശിച്ച് മറ്റ് കമ്പനികളുമായും ആശയവിനിമയം നടത്തിയിരുന്നു.

നിലവിൽ ലിഥിയത്തിനായി ചൈന, വിയറ്റ്നാം, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് ക്രിട്ടിക്കൽ മിനറലുകൾ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ നയത്തിന്റെ ഭാഗമായാണ് എൻ.എം.ഡി.സിയുടെ ഈ നീക്കം. അതിനിടെ, തദ്ദേശീയമായി ലിഥിയവും നിക്കലും സംസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ 2,814 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്കും അംഗീകാരം നൽകിയിട്ടുണ്ട്. 2030-ഓടെ റഷ്യ വാണിജ്യാടിസ്ഥാനത്തിൽ ലിഥിയം ഉൽപ്പാദനം ആരംഭിക്കാനിരിക്കെ, ഇന്ത്യയ്ക്ക് ഇതൊരു പ്രധാന ബദൽ ഉറവിടമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
India’s NMDC is in preliminary talks with Russia’s Rosatom to invest in lithium mining and processing to secure supply for electric vehicles and batteries.

