ഇന്ധനത്തിൽ എഥനോൾ കലർത്തുന്ന ഇന്ത്യയുടെ എഥനോൾ ബ്ലെൻഡഡ് പെട്രോൾ പ്രോഗ്രാം ആഗോള ജൈവ സമ്പദ്വ്യവസ്ഥയുടെ (Bioeconomy) വളർച്ചയ്ക്ക് മികച്ച നയതന്ത്ര മാതൃകയാണെന്ന് വേൾഡ് ഇക്കണോമിക് ഫോറം (WEF). കാപ്ജെമിനി ഇൻവെന്റുമായി ചേർന്ന് തയ്യാറാക്കിയ ‘ബയോഇക്കോണമി പോളിസി ഇൻഡക്സ്’ റിപ്പോർട്ടിലാണ് ഡബ്ല്യു.ഇ.എഫ് ഇന്ത്യയെ പ്രശംസിച്ചത്. ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം തദ്ദേശീയമായി ആവശ്യകതയും സൃഷ്ടിച്ച് മുന്നേറാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

2030-ഓടെ ലക്ഷ്യമിട്ടിരുന്ന 20 ശതമാനം എഥനോൾ മിശ്രിതം എന്ന നാഴികക്കല്ല് അഞ്ച് വർഷം മുമ്പേ തന്നെ ഇന്ത്യ കൈവരിച്ചിരുന്നു. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (R&D), സാമ്പത്തിക ആനുകൂല്യങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി ഇന്ത്യയുടെ പോളിസി ഇൻസ്ട്രുമെന്റുകളിൽ 76 ശതമാനവും നീക്കിവെച്ചിരിക്കുന്നത് മേഖലയ്ക്ക് വലിയ കരുത്താവുന്നു. ഇന്ത്യക്ക് പുറമെ യു.എസ്, ചൈന, ജപ്പാൻ, യുകെ, ജർമ്മനി, ബ്രസീൽ എന്നീ രാജ്യങ്ങളിലെ നയങ്ങളാണ് വേൾഡ് ഇക്കണോമിക് ഫോറം പഠനവിധേയമാക്കിയത്.
world economic forum highlights india ethanol blending programme as a global bioeconomy model in its bioeconomy policy index report
