ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന് 200 കോടിയോളം രൂപ വിലമതിക്കുന്ന 121 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ സമർപ്പിച്ച് ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി വർദ്ധമാൻ ജെയിൻ. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് ആഭരണങ്ങളുടെ ഔദ്യോഗിക സമർപ്പണം. കിരീടം, പാദപത്മങ്ങൾ, അരപ്പട്ട എന്നിവയുൾപ്പെടെ ഭഗവാനെ ശിരസ്സുമുതൽ പാദം വരെ അലങ്കരിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത 45 തരം സ്വർണ്ണാഭരണങ്ങളാണ് നിത്യപൂജകൾക്കും വിശേഷാൽ ചടങ്ങുകൾക്കുമായി സമർപ്പിച്ചിരിക്കുന്നത്.

ഹെൽത്ത്കെയർ റവന്യൂ സൈക്കിൾ മാനേജ്മെന്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ ആക്സസ് ഹെൽത്ത്കെയറിന്റെ (Access Healthcare) സ്ഥാപകനും വൈസ് ചെയർമാനുമാണ് വർദ്ധമാൻ ജെയിൻ. ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദവും അമേരിക്കയിലെ ടെക്സാസിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം, 2025-ൽ തന്റെ കമ്പനിയുടെ 70 ശതമാനം ഓഹരികൾ ഒരു അമേരിക്കൻ സ്ഥാപനത്തിന് ഏകദേശം രണ്ട് ബില്യൺ ഡോളറിന് വിറ്റതോടെ വാർത്തകളിൽ ഇടംനേടിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ ജെയിൻ, നിർദ്ധനരായ കുട്ടികളുടെ ചികിത്സയ്ക്കായി പ്രവർത്തിക്കുന്ന കാഞ്ചി കാമകോടി ചൈൽഡ്സ് ട്രസ്റ്റ് ആശുപത്രിയുടെ മാനേജിംഗ് ട്രസ്റ്റിയായും സേവനമനുഷ്ഠിക്കുന്നു.
Chennai businessman Vardhaman Jain donates 121 kg of gold ornaments worth ₹200 crore to Tirupati Temple. Learn about the Access Healthcare founder’s massive offering.

