Oyo, Ola പോലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെല്ലാം സിറ്റികളിലെ ആളുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ നഗരങ്ങള്‍ക്ക് പുറത്തുള്ള 100 കോടി ആളുകളുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആരുമില്ലെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓപ്പണ്‍ ഇന്നൊവേഷന്‍ ഹെഡ് ശരവണ മണി ചൂണ്ടിക്കാട്ടി. അഡ്രസ് ചെയ്യപ്പെടാതെ പോകുന്ന Tier 3, സിറ്റികള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെ ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകണം സ്റ്റാര്‍ട്ടപ്പുകള്‍ ശ്രമിക്കേണ്ടതെന്നും ശരവണ മണി പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മീറ്റപ്പ് കഫേയിലാണ് സ്റ്റാര്‍ട്ടപ് എക്കോ സിസ്റ്റത്തെക്കുറിച്ചും സ്റ്റാര്‍ട്ടപ്പുകളുടെ ദൗത്യത്തെക്കുറിച്ചും ഏറെ ഗൗരവമുള്ള ചര്‍ച്ച നടന്നത്.
സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ പറ്റിയ സമയം
സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് അടക്കം യുഎസില്‍ ലഭിക്കുന്നതെല്ലാം ഇന്ന് ഇന്ത്യയിലും ലഭിക്കും. സിലിക്കണ്‍ വാലിയില്‍ ഹെഡ്ക്വാര്‍ട്ടേഴ്സുള്ളതിനെല്ലാം ബംഗളൂരുവില്‍ ഓഫീസുണ്ടാകും. അതുകൊണ്ട് തന്നെ സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിന് ഏറ്റവും ഉചിതമായ സമയമാണിതെന്നും ശരവണ മണി പറഞ്ഞു. ഡീപ്പ് ടെക്‌നോളജിയിലാണ് സിലിക്കണ്‍ വാലിയും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവര്‍ AI, ML, നാനോ തുടങ്ങിയ ടെക്‌നോളജികള്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ടപ്പ് പടുത്തുയര്‍ത്തുന്നത് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ അടിസ്ഥാന വളര്‍ച്ചയുടെ കാര്യത്തില്‍ തന്നെ പുറകിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിക്ഷേപത്തിനായി കാത്തുനില്‍ക്കരുത്
സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന ആവശ്യം ഫണ്ടിംഗാണ്. എന്നാല്‍ ആരെങ്കിലും നിക്ഷേപം നടത്തുമെന്ന് കരുതി ബിസിനസ് തുടങ്ങാന്‍ കാത്ത് നില്‍ക്കരുതെന്ന് സ്റ്റാര്‍ട്ടിംഗ് അപ്പ് വിത്ത് രവി രഞ്ജന്‍ ഫൗണ്ടര്‍ രവി രഞ്ജന്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയും അതുവഴി ജോലി സാധ്യതയുണ്ടാവുകയും അതിലൂടെ രാജ്യത്തിന്റെ പുരോഗതിയെ സഹായിക്കാന്‍ കഴിയുകയും ചെയ്യുന്നുണ്ടെങ്കില്‍ അതാണ് എന്‍ട്രപ്രണര്‍ഷിപ്പെന്ന് രവി രഞ്ജന്‍ പറഞ്ഞു.
ബിഹബ്ബില്‍ നടന്ന മീറ്റ് അപ് കഫെയില്‍ കെഎസ്യുഎം അസിസ്റ്റന്റ് മാനേജര്‍ ശ്രീകാന്ത് കെ, ടെക്കനിക്കല്‍ ഓഫീസര്‍ വരുണ്‍ ജി എന്നിവരും സംസാരിച്ചു.