ബെംഗളൂരു നഗരത്തിലെ തെരുവുകച്ചവടക്കാർക്ക് തണലൊരുക്കാൻ പാലികെ ബസാർ പദ്ധതിയുമായി സിദ്ധരാമയ്യ സർക്കാർ. നഗരത്തിലെ ആദ്യ പാലികെ ബസാർ വിജയനഗര മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചു. ‘കൃഷ്ണ ദേവരായ പാലികെ ബസാർ’ എന്നു പേരിട്ട പാലികെ ബസാറിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യ ഹൈടെക് എയർ കണ്ടീഷൻഡ് അണ്ടർഗ്രൗണ്ട് മാർക്കറ്റാണിത്. 2018ൽ ആരംഭിച്ച നിർമാണ പ്രവൃത്തി ആറ് വർഷങ്ങൾക്ക് ശേഷമാണ് പൂർത്തിയായത്.
ഡൽഹിയിലേതിന് സമാനമായി തെരുവുകച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം നൽകി കച്ചവടത്തിന് സൗകര്യമൊരുക്കുന്ന പദ്ധതിയാണ് പാലികെ ബസാർ. കഠിനമായ കാലാവസ്ഥയെ സഹിക്കേണ്ടി വരുന്ന തെരുവുകച്ചവടക്കാർക്ക് ആധുനികവും സൗകര്യപ്രദവുമായ അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് പാലികെ ബസാറിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 13 കോടി രൂപ ചെലവഴിച്ചാണ് വിജയനഗരയിൽ പാലികെ ബസാർ യാഥാർഥ്യമാക്കിയത്.
1165 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് വിജയനഗരയിലെ പാലികെ ബസാർ. മൊത്തം 79 കടകളാണ് ബസാറിൽ പ്രവർത്തിക്കുന്നത്. ഒൻപത് ചതുരശ്ര മീറ്ററാണ് ഓരോ സ്റ്റാളിനും അനുവദിച്ചിരിക്കുന്നത്. ബസാറിലേക്ക് എട്ട് എൻട്രി പോയിൻ്റുകളും ഒരു ലിഫ്റ്റും രണ്ട് എസ്കലേറ്ററും ഉണ്ട്. 31 എസികളാണ് ശീതീകരണത്തനായി സ്ഥാപിച്ചിരിക്കുന്നത്. ഓരോ സ്റ്റാളിലും ഫയർ എസ്റ്റിങ്യൂഷറും സ്ഥാപിച്ചിട്ടുണ്ട്.
കച്ചവടത്തിലെ വ്യത്യസ്തത അനുസരിച്ചു പ്രത്യേക സെക്ഷനുകളായാണ് പാലികെ ബസാറിൻ്റെ പ്രവർത്തനം. സെക്ഷൻ ഒന്നിൽ 136 സ്റ്റാളുകൾ ഉൾപ്പെടുന്ന സ്മോൾ വെൻഡർ സോണാണ് പ്രവർത്തിക്കുന്നത്. സെക്ഷൻ രണ്ട് 11 സ്റ്റാളുകളോടെ പ്രത്യേക കച്ചവടക്കാർക്കാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, ഒൻപത് ജനറൽ വെൻഡർ സോണുകളും പ്രവർത്തിക്കുന്നുണ്ട്. മാർക്കിൻ്റെ സുഗമമായ പ്രവർത്തനത്തിന് 79 മാർക്കറ്റ് ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.
നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പാലികെ ബസാർ വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതിനുവേണ്ടിയുള്ള സ്ഥലങ്ങൾ കണ്ടെത്താൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് നിർദേശം നൽകി. തെരുവുകച്ചവടക്കാർക്ക് ആധുനികവും സൗകര്യപ്രദവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന പാലികെ ബസാർ കോൺഗ്രസ് സർക്കാരിൻ്റെ പ്രത്യേക പദ്ധതിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിജയനഗര എംഎൽഎ എം കൃഷ്ണപ്പയുടെ തലയിലുദിച്ച പദ്ധതിയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
The Siddaramaiah government introduces Palike Bazaar in Bengaluru, a hi-tech air-conditioned underground market for street vendors. Inaugurated at Vijayanagara Metro Station, the project provides a modern and comfortable environment, aiming to expand across the city.