ചൈനയുമായി വർഷങ്ങളായി തുടരുന്ന അതിർത്തി സംഘർഷത്തിൽ ധാരണയിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയം. യഥാർഥ നിയന്ത്രണ രേഖയിലെ (LAC) പട്രോളിങ് അടക്കമുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ഒത്തുതീർപ്പിൽ എത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. LACയിൽ പട്രോളിങ് പുനഃരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളോളം ഇന്ത്യയുടെ പട്രോളിങ് സംബന്ധിച്ച ആവശ്യങ്ങൾ അംഗീകരിക്കാതിരുന്ന ചൈന ഇപ്പോൾ ധാരണയിൽ എത്തിയത് ഇന്ത്യയുടെ നയതന്ത്ര-മിലിട്ടറി വിജയമായി കണക്കാക്കപ്പെടുന്നു. 2020ൽ ലഡാക്കിലെ ഗൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നിരവധി ചൈനീസ് സൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായത്. ഈ വിഷയത്തിലാണ് ഇപ്പോൾ ഇന്ത്യ-ചൈനയും ധാരണ. ദെപ്സാങ്, ഡെംചോക്ക് മേഖലകളിലെ പട്രോളിങ് പുനരാരംഭിക്കുന്ന കാര്യത്തിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.
ധാരണ പ്രകാരം യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിക്കും. സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ 17 റൗണ്ടുകൾക്ക് ഒടുവിലാണ് ധാരണയിലെത്തിയത്. ഇതിനായി 21 തവണ സൈനിക കൂടിക്കാഴ്ചകളും നടന്നു. മേഖലയിൽ ഇരു രാജ്യങ്ങളും പട്രോളിങ് നടത്താനും ധാരണയായിട്ടുണ്ട്. എൽഎസിയിൽ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന് ഇത് വഴിയൊരുക്കും. ഈ മേഖലയിലെല്ലാം സൈനിക സാന്നിദ്ധ്യം 2020 സംഘർഷത്തിനു മുൻപുള്ള പോലെയാകും.
അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏതാനും ആഴ്ചകളായി ഇന്ത്യയും ചൈനയും ചർച്ചയിലായിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും റഷ്യയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു. സെൻ്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷാനേതാക്കളുടെ യോഗത്തിനിടെയാണ് ഇരുവരും തമ്മിൽ കണ്ടത്.
ബ്രിക്സ് ഉച്ചക്കോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടു മുൻപാണ് നിർണായക ധാരണ എന്നതും ശ്രദ്ധേയമാണ്. ഇരു നേതാക്കളുടേയും ഔദ്യോഗിക കൂടിക്കാഴ്ച അഞ്ചു വർഷങ്ങൾക്കു ശേഷമാണ്.
India and China have reached a historic agreement on the LAC dispute, resuming patrolling and troop withdrawal. The deal is seen as a diplomatic victory for India following the 2020 Galwan Valley clash.