നഗര വികസനത്തിനും ഗതാഗത വികസനത്തിനും പ്രത്യേക പദ്ധതികളുമായി സംസ്ഥാന ബജറ്റ്. മൂന്ന് പ്രധാന നഗരങ്ങളുടെ വികസനത്തിനായി മെട്രോപൊളിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗര വികസനത്തിനായാണ് മെട്രോപൊളിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കുക. പൊതുമരാമത്ത് വകുപ്പിനായി പാലങ്ങൾ, റോഡുകൾ എന്നിവ നിർമിക്കുന്നതിന് ബജറ്റിൽ 3061 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഗതാഗത മേഖലയിൽ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുണ്ട്. വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന വളർച്ചാ തൃകോണ പദ്ധതിയാണ് (വികെപിജിടി) ഇതിൽ പ്രധാനം. പദ്ധതിക്കായി 1000 കോടി രൂപ സംസ്ഥാനം വകയിരുത്തിയിട്ടുണ്ട്. ദേശീയ പാത 66, പുതിയ ഗ്രീൻഫീൽഡ് ദേശീയപാത 744 എംസി റോഡ്, മലയോര തീരദേശ ഹൈവേ, റെയിൽപ്പാതകൾ എന്നിവയുടെ വികസനത്തിന് ഈ പദ്ധതി കാരണമാകും. തീരദേശ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനും സർക്കാർ ബജറ്റിൽ ഊന്നൽ നൽകുന്നു. ഇതോടൊപ്പം ഉൾനാടൻ ജലഗതാഗതത്തിന് 500 കോടി രൂപ, പ്രധാനമന്ത്രി റോഡ് പദ്ധതിക്കായി 80 കോടി രൂപ എന്നീ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
മെട്രോ റെയിൽ വികസനമാണ് ബജറ്റിലെ മറ്റൊരു ആകർഷണം. കൊച്ചി മെട്രോ വികസനം തുടരുമെന്നും തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപന വേളയിൽ പറഞ്ഞു. ഇതിനു പുറമേ കോഴിക്കോടും മെട്രോ റെയിൽ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അതിവേഗ റെയിൽപ്പാത വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പരാമർശം നടത്തി.
തെക്കൻ കേരളത്തിൽ പുതിയ കപ്പൽ നിർമാണ ശാലയ്ക്കായി സംസ്ഥാനം കേന്ദ്രവുമായി സഹകരിക്കുമെന്ന പ്രഖ്യാപനവും കേരളത്തിന്റെ വികസന പ്രതീക്ഷകൾക്ക് ഊർജം നൽകുന്നതാണ്.
Kerala Budget 2025 focuses on urban and transport development with a Rs 1000 crore Vizhinjam-Kollam-Punalur Growth Triangle Project, metro expansion, and new highways.