അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിലേക്കു ഇന്ത്യയുടെ വിഴിഞ്ഞവും. പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം നാടിനു സമർപ്പിച്ചു. ആദ്യഘട്ടം പ്രവര്‍ത്തനമാരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു .
” നാടിൻ്റെ പണം നാടിന് തന്നെ കിട്ടും, ഇനി രാജ്യത്തിൻ്റെ പണം പുറത്തേക്ക് ഒഴുകില്ല . വിഴിഞ്ഞം രാജ്യത്തിനും കേരളത്തിനും സാമ്പത്തിക സ്ഥിരത നൽകും” എന്നാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഗുജറാത്തിനേക്കാൾ ഏറ്റവും വലിയ തുറമുഖം ഇപ്പോൾ വിഴിഞ്ഞമാണ്.
ഇതറിഞ്ഞാൽ ഗുജറാത്ത്കാർ പരിഭവിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അദാനി വളരെ വേഗത്തിൽ വിഴിഞ്ഞം പോർട്ടിന്റെ നിർമാണം പൂർത്തിയാക്കി. കഴിഞ്ഞ 30 വർഷമായി ഗുജറാത്തിൽ അദാനിയുടെ തുറമുഖം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇത്രയും വലിയ തുറമുഖം അദ്ദേഹം നിർമിച്ചത് കേരളത്തിലെ വിഴിഞ്ഞത്തിനുവേണ്ടിയാണ്. അതിനാൽ ഗുജറാത്തിലെ ജനങ്ങളുടെ പരാതി അദ്ദേഹം ഇനി കേൾക്കേണ്ടി വരുമെന്നായിരുന്നു മോദി പറഞ്ഞത്. വിഴിഞ്ഞം പുതിയ വികസനത്തിന്‍റെ പ്രതീകമാണ്. ഇവിടെ ലോകത്തിലെ വലിയ ചരക്ക് കപ്പലുകളെത്തും. ഇതുവരെ ഇന്ത്യയുടെ 70 ശതമാനം ട്രാന്‍സ്ഷിപ്പ്മെന്‍റ് മറ്റ് തുറമുഖങ്ങളിലായിരുന്നു നടന്നത്. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്‍റെ പണം രാജ്യത്തിന് തന്നെ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നു കണ്ട ശേഷം 11 മണിയോടെയാണ് മോദി ഉദ്ഘാടന വേദിയിൽ എത്തിയത്. മലയാളത്തിൽ നമസ്കാരം പറഞ്ഞ് പ്രസംഗം തുടങ്ങിയ മോദി വിഴിഞ്ഞം തുറമുഖം വികസനത്തിന്റെ പുതിയ മാതൃകയാണെന്ന് വ്യക്തമാക്കി.

മൂന്നാം മില്ലേനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടമെന്നാണ് വിഴിഞ്ഞം പദ്ധതിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. വിഴിഞ്ഞത്തെ സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . നമ്മള്‍ ഇതു നേടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് കേരളത്തിന് അഭിമാനകരമായ നിമിഷമാണെന്നും വ്യക്തമാക്കി. ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കമ്മിഷനിങ്ങിന് സാക്ഷിയാകാൻ ആയിരങ്ങളാണ് വിഴിഞ്ഞത്തേക്ക് ഒഴുകിയെത്തിയത്
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, , ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുത്തു. പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ഹെലികോപ്റ്ററിൽ വിഴിഞ്ഞം ബെർത്തിലെത്തിയ പ്രധാനമന്തി ആധുനിക സംവിധാനങ്ങൾ നേരിട്ട് കണ്ടു വിലയിരുത്തിയ ശേഷമാണ് തുറമുഖം കമ്മീഷനിങ് നടത്തിയത്
Prime Minister Narendra Modi officially inaugurates the Vizhinjam Port, marking a new chapter in India’s maritime infrastructure. The port promises economic stability for Kerala and the nation.