ഇൻഡിഗോ പ്രതിസന്ധി രാജ്യത്തെ വ്യോമഗതാഗത മേഖലയെ പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ, രാജ്യത്ത് കുറഞ്ഞത് 100 വിമാനങ്ങളുള്ള അഞ്ച് എയർലൈൻസുകൾ എങ്കിലും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു. ഇന്ത്യയ്ക്ക് ഒന്നോ രണ്ടോ കമ്പനികളിൽ മാത്രം ആശ്രയിച്ചിരിക്കാനാകില്ലെന്നും പ്രതിസന്ധി ഗുരുതര മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

വ്യോമയാന മേഖലയിൽ ചില കാരിയറുകളെ മാത്രം ആശ്രയിക്കുന്നതാണ് വലിയ പ്രതിസന്ധികൾക്കുള്ള വാതിലുകൾ തുറക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ആയിരക്കണക്കിന് യാത്രക്കാരെ കുടുക്കിയ ഈ തകരാറിന് കാരണമായത് ഇൻഡിഗോയുടെ ക്രമക്കേടുകളാണ്. തെറ്റായ ക്രൂ റോസ്റ്ററുകളും മാനേജ്മെന്റിന്റെ വീഴ്ചകളും തകർച്ചയ്ക്ക് കാരണമായി. ഇൻഡിഗോ ചെയർമാൻ പുറത്തിറക്കിയ വീഡിയോയിൽ ഇപ്പോഴും നിരവധി ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഈ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഓരോ കാര്യവും സർക്കാർ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
ഇൻഡിഗോ നൽകിയ യാത്രാ വൗച്ചറുകളുടെ മതിപ്പും കമ്പനികൾ പ്രതിസന്ധിക്കിടയിൽ നടത്തിയ നിരക്കിലെ അമിതവർധനവുമാണ് സർക്കാർ ഇപ്പോൾ പരിശോധിക്കുന്നത്. 48 മണിക്കൂറിന് ശേഷം മാത്രമാണ് ടിക്കറ്റ് നിരക്കുകൾക്ക് മേൽനോട്ടം കൊണ്ടുവന്നതെന്ന വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്ഥിതിഗതികൾ വിലയിരുത്തി മാത്രമേ ഇടപെടാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിക്ക് ഉത്തരവാദികളായ മാനേജ്മെന്റിനു മേൽ നടപടി വേണമോ എന്ന ചോദ്യത്തിന് ഗൗരവകരമായ വീഴ്ചകൾ തെളിയുന്നുവെങ്കിൽ നടപടി പരിശോധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇൻഡിഗോ പ്രതിസന്ധിക്കിടയിൽ സമൂഹ മാധ്യമങ്ങളിൽ പലരും എയർ ഇന്ത്യയുടെ സ്വകാര്യവൽകരണം വീണ്ടും ചർച്ചയാക്കുകയാണ്. നാഷണലൈസ്ഡ് കാരിയർ ആയിരുന്ന എയർ ഇന്ത്യ വിറ്റതിന്റെ ദൂഷ്യഫലം ഇപ്പോൾ വെളിവാകുകയാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു. ഒരു ദേശീയ കാരിയർ നിലനിന്നിരുന്നെങ്കിൽ ഇത്തരം ഏകാധിപത്യ പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല എന്നും എയർ ഇന്ത്യ വിൽപനയ്ക്ക് മുൻപ് വിപണിയുടെ ആഘാതം വിലയിരുത്തേണ്ടതായിരുന്നുവെന്നുമെല്ലാം വിമർശനം ഉയരുകയാണ്. ഒരു കമ്പനിയിൽ മാത്രം വിമാനങ്ങൾ കേന്ദ്രീകരിക്കുമ്പോൾ അതിന്റെ തകരാർ രാജ്യത്തെ തന്നെ തകർക്കുന്നതായും ചിലർ നിരീക്ഷിക്കുന്നു. 1953ൽ രണ്ടാം നെഹ്റു മന്ത്രിസഭയുടെ കാലത്ത് ദേശസാത്കരിച്ച എയർ ഇന്ത്യ 2022ൽ രണ്ടാം മോഡി സർക്കാറാണ് സ്വകാര്യവൽകരിച്ചത്.
Following the Indigo crisis, Aviation Minister K. Rammohan Naidu stressed the need for at least five major airlines in India. The incident has reignited the debate on the privatization of Air India and the risks of airline dependency.
