പാലക്കാട് ആനക്കരയ്ക്കടുത്ത് മലമക്കാവിൽ അത്യാധുനിക റോബോട്ടിക് പുനരധിവാസ ആശുപത്രി വരുന്നു. ജെൻറോബോട്ടിക്സ് (Genrobotics) സഹസ്ഥാപകൻ വിമൽ ഗോവിന്ദും, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സംരംഭകൻ ടി.കെ. ഗോപാലനും ചേർന്നാണ് ‘ജി-ലൈഫ്’ (GLife) എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

പക്ഷാഘാതം, നട്ടെല്ലിന് ക്ഷതമേറ്റവർ, അപകടങ്ങൾ കാരണം ചലനശേഷി നഷ്ടപ്പെട്ടവർ, സെറിബ്രൽ പാൾസി, പാർക്കിൻസൺസ് തുടങ്ങിയ അവസ്ഥകളിലുള്ളവർക്ക് ന്യൂറോ-റീഹാബിലിറ്റേഷനിലൂടെ ചലനശേഷി വീണ്ടെടുക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ജെൻറോബോട്ടിക്സിന്റെ റോബോട്ടിക് ഗെയ്റ്റ് ട്രെയിനിംഗിനായുള്ള ‘ജി ഗെയ്റ്റർ’ എന്ന അത്യാധുനിക സംവിധാനമാണ് പ്രധാന സവിശേഷത. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളായ അപ്പർ ബോഡി പുനരധിവാസ റോബോട്ടുകളും ലോകത്താദ്യമായി ജി-ലൈഫിലൂടെ അവതരിപ്പിക്കും. കിംസിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ആശുപത്രി പ്രവർത്തിക്കുക.
ആശുപത്രിയുടെ ശിലാസ്ഥാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. എംഎൽഎ കെ.ടി. ജലീൽ, മുൻ എംഎഎൽ വി.ടി. ബലറാം, പഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർ, ആഫ്രിക്ക ജെൻറോബോട്ടിക്സ് ഡയറക്ടർ ജസ്റ്റിസ് പിറ്റ്സോ തുടങ്ങിയവർ സന്നിഹിതരായി. ജി-ലൈഫ് ഹെൽത്ത്കെയർ പോലുള്ള പദ്ധതികൾ കേരളത്തിന്റെ മെഡിക്കൽ ഇന്നൊവേഷൻ സാധ്യതകളെയാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നതിലൂടെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ആശുപത്രിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിംസിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ആശുപത്രി പ്രവർത്തിക്കുക. സ്വന്തം നാട്ടിൽ അർത്ഥവത്തായ എന്തെങ്കിലും നിർമ്മിക്കുക എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ജി-ലൈഫെന്ന് ടി. കെ. ഗോപാലൻ പറഞ്ഞു. കിംസിന്റെ ക്ലിനിക്കൽ വൈദഗ്ധ്യവും ഇവിടെ സജ്ജീകരിച്ചിരിക്കുന്ന ജെൻറോബോട്ടിക്സിന്റെ നൂതന സാങ്കേതികവിദ്യയും ഒത്തുചേരുന്നതിലൂടെ, ചലനശേഷി വീണ്ടെടുക്കാൻ പ്രയാസപ്പെടുന്ന രോഗികൾക്ക് മികച്ച ചികിത്സാ പുരോഗതി ഉറപ്പാക്കാൻ സാധിക്കുമെന്ന് കിംസ് കേരള ക്ലസ്റ്റർ ഹെഡ് ആൻഡ് സിഇഒ ഫർഹാൻ യാസിൻ പറഞ്ഞു.
Genrobotics and T.K. Gopalan launch G-Life in Palakkad, a world-class robotic rehabilitation hospital featuring G-Gaiter technology for neuro-rehabilitation and mobility recovery.
