വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ കർശന നിയമവുമായി സംസ്ഥാന സർക്കാർ. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവർക്കും ലൈസൻസില്ലാതെ വളർത്തുമൃഗങ്ങളെ കൈവശംവെയ്ക്കുന്നതിനും അനധികൃത ബ്രീഡിങ് സെന്ററുകൾ നടത്തുന്നവർക്കും 10,000 രൂപ പിഴ ഈടാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

തെരുവ് നായകളുടെ എണ്ണം വർദ്ധിക്കുന്നതിൽ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതും ഒരു പ്രധാന കാരണമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളുടെ ഈ കർശന നടപടി. കേരളത്തിൽ നിലവിൽ ഏകദേശം 8 ലക്ഷം വളർത്തുമൃഗങ്ങളും 4 ലക്ഷത്തോളം തെരുവ് നായ്ക്കളുമാണ് ഉള്ളതെന്നാണ് കണക്കാക്കുന്നത്. പെറ്റ് ലൈസൻസിങ്, ബ്രീഡിങ് റെഗുലേഷൻ എന്നിവയുമായി ബന്ധപ്പെട്ട പുതിയ നിയമഭേദഗതികളിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം ഈ ആഴ്ച അന്തിമ തീരുമാനമെടുക്കും.
അതേസമയം, ആഗസ്റ്റ് 7നകം ഹൈക്കോടതിയിൽ സമർപ്പിക്കേണ്ട സമഗ്ര തെരുവ് നായ പരിപാലന കർമ്മപദ്ധതിയുടെ അന്തിമ രൂപീകരണത്തിലാണ് സംസ്ഥാന സർക്കാർ. സുപ്രീം കോടതി നിർദ്ദേശപ്രകാരം തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് മാറ്റുന്നതിന് വേണ്ട ഷെൽട്ടറുകളുടെയും ശാസ്ത്രീയ അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ് നിലവിൽ വലിയ വെല്ലുവിളിയാണെങ്കിലും ലൈസൻസിങ് നിർബന്ധമാക്കൽ, വാക്സിനേഷൻ ഊർജിതമാക്കൽ, എബിസി (ABC) സെന്ററുകളുടെയും മൊബൈൽ യൂണിറ്റുകളുടെയും പ്രവർത്തനം വിപുലീകരിക്കൽ, നായ്ക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത പിഴ ഈടാക്കൽ എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് കർമ്മപദ്ധതി തയ്യാറാക്കുന്നത്
Kerala Government is set to impose a ₹10,000 fine for pet abandonment, illegal breeding, and operating without a pet license to curb stray dog issues.
