ദക്ഷിണേന്ത്യൻ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് മൃദുവും രുചികരവുമായ ഇഡ്ഡലിയായിരിക്കും. പ്രഭാതഭക്ഷണമായി മാത്രമല്ല, ക്വിക്ക് ടിഫിനായോ രാത്രിയിലെ ലഘുഭക്ഷണമായോ ജോലിക്ക് പോകുംവഴി കഴിക്കാനുമെല്ലാം ആളുകൾ ഇഡ്ഡലി തെരഞ്ഞെടുക്കാറുണ്ട്. തയ്യാറാക്കാനുള്ള എളുപ്പവും വേഗവും കാരണം ഇന്ത്യയിലുടനീളം ലഭ്യമാണെങ്കിലും, ഈ രുചിയോടും പാരമ്പര്യത്തോടും ഏറ്റവും കൂടുതൽ ചേർന്നുനിൽക്കുന്ന ചെന്നൈ നഗരം ലോകത്തിന്റെ ‘ഇഡ്ഡലി തലസ്ഥാനം’ (Idli Capital of the World) എന്ന പേരിൽ അറിയപ്പെടുന്നു.

നഗരത്തിന്റെ ഭക്ഷണ സംസ്കാരത്തിൽ ഇഡ്ഡലി വഹിക്കുന്ന പ്രത്യേക സ്ഥാനം കേന്ദ്ര സർക്കാരിന്റെ ‘ഇൻക്രഡബിൾ ഇന്ത്യ’ പോർട്ടലിലും എടുത്തുപറഞ്ഞിട്ടുണ്ട്. ചെന്നൈയുമായുള്ള ഇഡ്ഡലിയുടെ ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തലമുറകളായി നഗരത്തിലെ മെനുവുകളിൽ ഒഴിച്ചുകൂടാനാവാത്ത ഈ വിഭവം ഉഡുപ്പി ഹോട്ടലുകളുടെ വരവോടെയാണ് വീടുകളിൽ നിന്ന് റസ്റ്റോറന്റുകളിലെ നിത്യോപയോഗ ഭക്ഷണമായി മാറിയത്.
ക്ലാസിക് വെള്ള ഇഡ്ഡലിക്ക് പുറമേ പൊടി ഇഡ്ഡലി, സ്റ്റഫ്ഡ് ഇഡ്ഡലി തുടങ്ങി നിരവധി വൈവിധ്യങ്ങളും ഇന്ന് ലഭ്യമാണ്. ഇഡ്ഡലിയോടുള്ള നഗരത്തിന്റെ ആവേശം പലതരം പരീക്ഷണങ്ങൾക്കും വഴിവെച്ചിട്ടുണ്ട്; ഉദാഹരണത്തിന്, 2015-ൽ ചെന്നൈയിലെ ഒരു കച്ചവടക്കാരൻ മൃഗങ്ങളുടെയും നമ്പറുകളുടെയും രൂപത്തിലടക്കം 1000-ത്തോളം വ്യത്യസ്ത തരത്തിലുള്ള ഇഡ്ഡലികൾ നിർമ്മിച്ചിരുന്നു. പഴയകാല ടിഫിൻ സെന്ററുകൾ മുതൽ പുതിയ റെസ്റ്റോറന്റുകൾ വരെ എല്ലായിടത്തും ലഭ്യമായ ഇഡ്ഡലി, പരമ്പരാഗത രുചിക്കൂട്ടുകളിലും പുതിയ പരീക്ഷണങ്ങളിലും ഒരുപോലെ ഇടംനേടി ചെന്നൈയുടെയും ലോകത്തിന്റെയും എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണമായി നിലകൊള്ളുന്നു.
Discover why Chennai is celebrated as the Idli Capital of the World, blending rich culinary heritage, Udupi traditions, and creative idli varieties.
