കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ചു. സൂപ്പർഫാസ്റ്റിന് വേണ്ട ശരാശരി വേഗമായ 55 കി.മീ ഇല്ലാത്തതുകൊണ്ടാണ് ജനശതാബ്ദിയെ റെയിൽവേ എക്സ്പ്രസാക്കി മാറ്റുന്നത്. തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവിയാണ് പിൻവലിച്ചത്. ഈ മാറ്റം 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. സൂപ്പർഫാസ്റ്റ് പദവി നഷ്ടപ്പെടുന്നതോടെ ഈ ട്രെയിനുകളിലെ അധിക സർചാർജ് ഒഴിവാകും. ഇത് ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തും. നോൺ-എസി ടിക്കറ്റ് നിരക്കുകളിൽ ഏകദേശം 15 രൂപയുടെയും എസി ചെയർ കാർ നിരക്കുകളിൽ 45 രൂപ വരെയും കുറവുണ്ടാകും.

പുനഃക്രമീകരണത്തിന്റെ ഭാഗമായി ഈ ട്രെയിനുകൾക്ക് പുതിയ നമ്പറുകളും നൽകും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി 16376/16375 നമ്പറുകളിലും, തിരുവനന്തപുരം-കണ്ണൂർ സർവീസ് 16380/16379 നമ്പറുകളിലും സർവീസ് നടത്തും. പുതിയ നമ്പറുകളും ജനുവരി 1 മുതൽ നിലവിൽ വരും. ട്രെയിനുകളുടെ നിലവിലുള്ള സമയക്രമത്തിലോ സ്റ്റോപ്പുകളിലോ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നിശ്ചിത ശരാശരി വേഗത പാലിക്കാൻ കഴിയാത്ത ട്രെയിനുകളെ കണ്ടെത്താനും തരംതിരിക്കാനുമുള്ള പതിവ് പരിശോധനയുടെ ഭാഗമായാണ് ഈ നടപടി. സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കുന്നതിലൂടെ ദിവസേനയും ദൂരയാത്രകൾക്കായും ഈ ജനശതാബ്ദി സർവീസുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് സാമ്പത്തിക ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യവ്യാപകമായി മഹാനഗരി എക്സ്പ്രസ്, പ്രഗതി എക്സ്പ്രസ്, തുളസി എക്സ്പ്രസ് ഉൾപ്പെടെ 18 ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവിയാണ് റെയിൽവേ അടുത്തിടെ പുനഃപരിശോധനയുടെ ഭാഗമായി എടുത്തുകളഞ്ഞിരിക്കുന്നത്.
Indian Railways revokes the Superfast status of Kerala Jan Shatabdi Expresses due to low average speed. Passengers to get lower ticket fares.

