ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പോർട്സ് ഗെയിമിങ് സ്റ്റാർട്ടപ്പായ ‘മെറ്റാസ്പോർട്സ് ഇന്ററാക്ടീവി’ൽ (Metasports Interactive) തന്ത്രപ്രധാന നിക്ഷേപവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. കമ്പനിയുടെ ഹിറ്റ് ക്രിക്കറ്റ് സ്ട്രാറ്റജി ഗെയിമായ ‘ഹിറ്റ്വിക്കറ്റി’ന്റെ (Hitwicket) വികസനത്തിൽ തൻ്റെ 24 വർഷത്തെ ദീർഘമായ ക്രിക്കറ്റ് പരിചയസമ്പത്തുമായി സച്ചിൻ നേരിട്ട് പങ്കാളിയാകും. ഗെയിമിനെ കൂടുതൽ റിയലിസ്റ്റിക്കും മികച്ച അനുഭവവുമാക്കാൻ സച്ചിൻ്റെ നിർദേശങ്ങൾ സഹായിക്കുമെന്ന് മെറ്റാസ്പോർട്സ് സി.ഇ.ഒ കാശ്യപ് റെഡ്ഡി വ്യക്തമാക്കി.

സച്ചിൻ്റെ വരവോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഗെയിം ഡൗൺലോഡുകൾ 10 കോടിയിലെത്തിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 120-ലധികം രാജ്യങ്ങളിലായി 2 കോടിയിലധികം ഉപയോക്താക്കൾ ഹിറ്റ്വിക്കറ്റിനുണ്ട്. സച്ചിൻ നിക്ഷേപകന് പുറമെ ഗെയിമിനുള്ളിലെ ഒരു കഥാപാത്രമായും (Playable Character) മെന്ററായും എത്തും. സച്ചിൻ്റെ ചെറുപ്പകാലത്തെ ആക്രമണകാരിയായ ബാറ്റിംഗ് ശൈലി മുതൽ പക്വതയാർന്ന ക്രിക്കറ്റ് ജീവിതം വരെയുള്ള ഘട്ടങ്ങൾ ഗെയിമിൽ ഉൾപ്പെടുത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങൾക്കായുള്ള മൊബൈൽ ഗെയിമുകളും പുറത്തിറക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Cricket legend Sachin Tendulkar turns strategic investor and partner for Metasports Interactive’s flagship cricket strategy game Hitwicket.

