ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളിൽ തരംഗമായി മാറാൻ ഇൻസ്റ്റാന്റ് ഡെലിവറി പ്ലാറ്റ്ഫോമുകൾക്ക് സാധിച്ചുവെന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും സെപ്റ്റോയും പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സമ്മാനപ്പൊതികളുടെയും ആഘോഷ പാർട്ടികളുടെയും ഓർഡറുകളിൽ മുൻ വർഷത്തേക്കാൾ മൂന്നിരട്ടി വരെ വളർച്ചയാണ് രേഖപ്പെടുത്തിയത്. സെപ്റ്റോയിൽ ഏറ്റവും കൂടുതൽ ആളുകൾ ഓർഡർ ചെയ്ത മധുരപലഹാരം ‘ലഡ്ഡു’ ആയപ്പോൾ, വിറ്റഴിക്കപ്പെട്ട അളവിൽ ‘സോൺ പപ്പ്ഡി’യാണ് മുന്നിലെത്തിയത്. അതേസമയം, സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ ‘കാജു കട്ലി’ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്. മോട്ടിച്ചൂർ ലഡ്ഡു, ബേസൻ ലഡ്ഡു എന്നിവയാണ് ഇൻസ്റ്റാമാർട്ടിലെ തൊട്ടടുത്ത പ്രിയ പലഹാരങ്ങൾ.

മധുരപലഹാരങ്ങൾക്ക് പുറമെ ധൻതേരസ് ദിനത്തിൽ സ്വർണ, വെള്ളി നാണയങ്ങൾ ഓൺലൈനായി വാങ്ങാനും വലിയ തിരക്കനുഭവപ്പെട്ടു. മുംബൈയിൽ നിന്നൊരാൾ 1.11 ലക്ഷം രൂപയ്ക്ക് ലക്ഷ്മി-ഗണേശ ഡിസൈനിലുള്ള സ്വർണനാണയങ്ങൾ ഓർഡർ ചെയ്തതാണ് ഏറ്റവും ഉയർന്ന സിംഗിൾ ബാസ്ക്കറ്റ് വാങ്ങൽ. കേരളത്തിൽ തൃശൂർ, കൊല്ലം ഉൾപ്പെടെയുള്ള നഗരങ്ങളും ഉയർന്ന ദീപാവലി ഡിമാൻഡ് രേഖപ്പെടുത്തിയ പ്രമുഖ നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. ദീപാവലി വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ, പൂക്കൾ, ഇലക്ട്രോണിക്സ് എന്നിവയ്ക്കും വലിയ തോതിലുള്ള ഓർഡറുകളാണ് ക്വിക്ക് കൊമേഴ്സ് ആപ്പുകൾ വഴി ലഭിച്ചത്.
Quick commerce platforms Zepto and Swiggy Instamart witness a record surge in online Diwali sales, with massive demand for sweets, gold coins, and festive items
