ഇലോൺ മസ്ക് നയിക്കുന്ന സ്റ്റാർ ലിങ്കിന്റെ (Starlink) സ്പേസ് ബെയ്സ്ഡ് ബ്രോഡ്ബാൻഡ് സർവീസ് വരും ദിവസങ്ങളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്. ബ്രോഡ്ബാൻഡ് സർവീസ് ലോഞ്ച് ചെയ്യാൻ സ്റ്റാർലിങ്കിന് സർക്കാർ അനുമതി ലഭിക്കുമെന്നാണ് വിവരം. ഡിപാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിനോട് (ഡിപിഐഐടി) ഷെയർ ഹോൾഡിംഗ് പാറ്റേണിനെ കുറിച്ചുള്ള വിവരങ്ങൾ വിശദീകരിച്ചിരുന്ന. വിശദീകരണത്തിൽ തൃപ്തരായാൽ ഈ മാസം അവസാനം തന്നെ ഡിപിഐഐടി സ്റ്റാർലിങ്കിന് ബ്രോഡ് ബാൻഡ് സർവീസ് ആരംഭിക്കാൻ അനുമതി നൽകുമെന്നാണ് വിവരം.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനും ടെലികോം സെക്രട്ടറി നീരജ് മിത്തലിനും എന്നിവർക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും. അനുമതി ലഭിച്ച് കഴിഞ്ഞാൽ സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻ വിംഗ് സ്റ്റാർ ലിങ്കിനെ വിവരം അറിയിക്കും.
2022 നവംബറിലാണ് സ്റ്റാർലിങ്ക് ഗ്ലോബൽ പേഴ്സണൽ കമ്യൂണിക്കേഷൻ ബൈ സാറ്റ്ലൈറ്റ് സർവീസ് ലൈസൻസിന് വേണ്ടി കേന്ദ്രസർക്കാരിനെ സമീപിക്കുന്നത്. അനുമതി ലഭിച്ചാൽ ഈ സേവനം നൽകുന്ന രാജ്യത്തെ മൂന്നാമത്തെ കമ്പനിയാകും സ്റ്റാർലിങ്ക്. റിലയൻസ് ജിയോ, വൺവെബ് തുടങ്ങിയവർക്കാണ് ഇതിന് മുമ്പ് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചത്.