മലബാര്‍ മേഖലയിലെ സംരംഭകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുകയാണ് കണ്ണൂരില്‍ നടന്ന മലബാര്‍ സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റ്. റൂറല്‍ എന്‍ട്രപ്രണര്‍ഷിപ്പ് വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മലബാറിലെ സംരംഭക കൂട്ടായ്മയായ പോസിറ്റീവ് കമ്മ്യൂണ്‍ എന്‍ട്രപ്രണര്‍ഷിപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സമ്മറ്റിന് വേദിയൊരുങ്ങിയത്. മലബാറിലെ ആദ്യ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമിനും ഇതോടൊപ്പം തുടക്കമായി. ചെറുകിട സംരംഭകര്‍ക്കും വലിയ പ്രൊജക്ടുകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലുളള ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റുകള്‍ സാദ്ധ്യമാക്കാനാണ് ശ്രമം.
ചെറുകിട സംരംഭകര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ്. ടെക്സ്റ്റൈല്‍ മേഖല ഉള്‍പ്പെടെ പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പേരുകേട്ട മലബാറില്‍ അതിന്റെ സാദ്ധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കൂട്ടായ്മയുടെ ആദ്യ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റ് സംരംഭമായ നെല്ലിക്കയുടെ ലോഞ്ചിംഗും ഇതോടൊപ്പം നടന്നു. വിദ്യാര്‍ത്ഥികളും മെന്റേഴ്‌സും പ്രഫഷണല്‍സും അദ്ധ്യാപകരും ബിസിനസുകാരും ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് പോസിറ്റീവ് കമ്മ്യൂണ്‍ എന്‍ട്രപ്രണര്‍ഷിപ്പ് ക്ലബ്ബിന് നേതൃത്വം നല്‍കുന്ന സുഭാഷ് ബാബു പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ഇന്റേണ്‍ഷിപ്പിനും പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സിനും അവസരമൊരുക്കും. പഠനശേഷം പ്രത്യേക ട്രെയിനിങ് ആവശ്യമില്ലാതെ തന്നെ തൊഴില്‍ തേടിയിറങ്ങാന്‍ ഇത് അവരെ പ്രാപ്തരാക്കും. വിദ്യാര്‍ത്ഥികളെ സംരംഭകരാക്കുകയും സംരംഭകര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അവസരങ്ങള്‍ ഒരുക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ക്ലബ്ബിന് നേതൃത്വം നല്‍കുന്ന കെ.പി രവീന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സ്‌കില്‍ പാര്‍ക്ക് ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ മലബാറിലും ഒരുക്കുകയാണ് പദ്ധതി. ഐടി അധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ എന്നതിനപ്പുറം ബിസിനസ് ടെക്നോളജി യൂസ് ചെയ്യുന്ന കമ്പനികളെ ഒരു കുടക്കീഴിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന ഈ സംരംഭക കൂട്ടായ്മയ്ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും പിന്തുണ നല്‍കുന്നതായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് വ്യക്തമാക്കി.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി ഐഎഎസ് അടക്കമുളളവര്‍ പങ്കെടുത്തു.
കണ്ണൂരില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം ക്രിയേറ്റ് ചെയ്യുകയാണ് ഉദ്ദേശ്യമെന്ന് പോസിറ്റീവ് കമ്മ്യൂണ്‍ മെന്റര്‍ കൂടിയായ ഷിലെന്‍ സഗുണന്‍ വ്യക്തമാക്കി. പുതുസംരംഭകര്‍ക്ക് മികച്ച മെന്ററിംഗും ഗൈഡന്‍സും ലഭ്യമാക്കാന്‍ മലബാര്‍ മേഖലയില്‍ നിന്നുളള പ്രഫഷണലുകളുടെ സഹായവും എന്‍ആര്‍ഐ കൂട്ടായ്മയുടെ സഹകരണവും ഇവര്‍ ഉറപ്പിക്കുന്നുണ്ട്.