ലോകമാകമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍ട്രപ്രണേഴ്സിനും ഫണ്ട് കണ്ടെത്താനുളള പ്രധാന മാര്‍ഗമാണ് ക്രൗഡ് ഫണ്ടിംഗ്. ഒരുപാട് ആളുകളില്‍ നിന്ന് പണം സ്വരൂപിച്ച് ബിസിനസ് മൂലധനമായി ലക്ഷങ്ങളും കോടികളും റെയ്സ് ചെയ്യുന്ന രീതി വളരെ പ്രചാരം നേടിയ ഫണ്ടിംഗ് രീതികളിലൊന്നാണ്. എന്നാല്‍ ഈ ഡിജിറ്റല്‍ കാലത്തിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ കേരളത്തില്‍ ക്രൗഡ് ഫണ്ടിംഗിന്റെ പുരാതന രൂപം നിലനിന്നിരുന്നു. ക്രൗഡ് ഫണ്ടിംഗിന്റെ അധികമാര്‍ക്കും അറിയാത്ത ഉത്തരമലബാര്‍ വേര്‍ഷനാണ് പണപ്പയറ്റ്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന യുണീക്കായ ഒരു ഫണ്ട് റെയ്സിംഗ് പ്രൊസീജര്‍ ആണിത്. സംരംഭം തുടങ്ങാനും ബിസിനസ് വിപുലീകരിക്കാനും, വിവാഹത്തിനും ഒക്കെ വേണ്ടി വരുന്ന പണം ഇങ്ങനെ കണ്ടെത്താം. അതുകൊണ്ടു തന്നെ ഒരുപാട് പേര്‍ക്ക് ജീവിതമാര്‍ഗമൊരുക്കാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്ന് ഇന്നും പണപ്പയറ്റ് സജീവമായ കോഴിക്കോട് വടകരയിലെ വാണിമേല്‍ പ്രദേശത്തുളള പഴമക്കാര്‍ പറയുന്നു.

വടകരയ്ക്കു പുറമെ, നാദാപുരം, വളയം, തൂണേരി, കൈവേലി, നരിപ്പറ്റ, കക്കട്ട് എന്നിവടങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ആളുകള്‍ക്ക് സാമ്പത്തീക ആവശ്യങ്ങള്‍ വരുമ്പോള്‍ സമൂഹത്തിലെ സമാനമനസ്‌ക്കരായവര്‍ ചേര്‍ന്ന് പണം പയറ്റുകയും പിന്നീട് ഓരോരുത്തര്‍ക്കും അവര്‍ പയറ്റ് നടത്തുമ്പോള്‍ തിരിച്ച് കൊടുക്കുയും ചെയ്യും. പലിശയില്ലാതെ പണം സ്വരൂപിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
വാള്‍പയറ്റിന്റെ നാടായ കടത്തനാട്ടില്‍ പണം കൊണ്ടുള്ള പയറ്റിനെയാണ് പണപ്പയറ്റ് എന്നു പറയുന്നത്. കുത്തുക, മടക്കുക, വെട്ടുക തുടങ്ങിയ വാള്‍പയറ്റിന്റെ പ്രയോഗങ്ങള്‍ തന്നെയാണ് പണപ്പയറ്റിലും ഉപയോഗിക്കുക. കാലമെത്ര മാറിയാലും പണപ്പയറ്റിനായി ഈ നാട്ടിലെ ജനങ്ങള്‍ ഇന്നും ഒന്നിക്കുന്നു. ഒരു ജനതയുടെ സമൂഹിക ഇഴയടുപ്പത്തിന്റെ സാക്ഷാത്കാരം കൂടിയാണ് പണപ്പയറ്റ്. അനുകരിക്കുക പ്രയാസമുള്ള കാര്യവും

നാടിന്റെ സൗഹൃദക്കൂട്ടായ്മയായാണ് പണപ്പയറ്റ് വേദികളെ ഇവര്‍ കാണുന്നത്. ഈന്തോലകള്‍ കൊണ്ട് അലങ്കരിച്ച ഒരു നാടന്‍ ചായക്കട. കൊച്ചുവര്‍ത്തമാനവുമായി അവിടെ വന്നുപോകുന്ന ആളുകള്‍. അവര്‍ക്ക് കഴിക്കാനായി പൊറോട്ടയും ചായയും. പുറത്തുനിന്ന് കാണുമ്പോള്‍ ഇതാണ് പണപ്പയറ്റ് വേദി. അവിടെ നിന്നാണ് ഏറെ ഗൗരവമുളള പണമിടപാടുകളിലേക്ക് നീങ്ങുന്നത്. പണത്തിന്റെ ഏത് അത്യാവശ്യത്തിനും വടകരയിലും പരിസര പ്രദേശങ്ങളിലുമുളളവര്‍ പ്രാക്ടീസ് ചെയ്തുപോരുന്ന ധനസമാഹരണ മാര്‍ഗമാണ് പണപ്പയറ്റ്. പണത്തിന് ആവശ്യം വരുന്നവര്‍ മുന്‍കൂട്ടി അറിയിക്കും. ഇതനുസരിച്ച് പയറ്റിന്റെ അറിയിപ്പ് പൊതുസമ്മതമായ സ്ഥലത്ത് കാലേകൂട്ടി പതിക്കും. പങ്കെടുക്കാനെത്തുന്നവര്‍ക്ക് പയറ്റ് നടത്തുന്നയാള്‍ ചെറിയ സല്‍ക്കാരവും ഒരുക്കും. പിന്നീടാണ് പയറ്റ് നടത്തുക.

സമൂഹത്തിലെ മുഴുവന്‍ ആളുകളില്‍ നിന്ന് ചെറിയ തുകകള്‍ സമാഹരിച്ച് അത് വലിയ സംഖ്യയാക്കി എടുക്കുന്നു. പയറ്റ് നടത്തുന്നയാള്‍ക്ക് തിരിച്ചടവിന്റെ അധിക ബാദ്ധ്യതകള്‍ വരുന്നില്ലെന്നതും എടുത്തു പറയണം. ഒരു പയറ്റില്‍ ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപ കിട്ടിയാല്‍ അത് കൊടുത്തു തീര്‍ക്കുന്നത് പത്തോ പതിനഞ്ചോ വര്‍ഷമെടുത്താണ്. അതിനിടയ്ക്ക് പണം ആവശ്യം വന്നാല്‍ വീണ്ടും പയറ്റ് നടത്താം. ഒരാള്‍ പയറ്റുമ്പോള്‍ സാമ്പത്തിക വശത്തിനപ്പുറം ഒരു സാമൂഹ്യബന്ധമാണ് ഉണ്ടാകുന്നതെന്ന് ഈ നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മതത്തിന്റെയോ ജാതിയുടെയോ വേലിക്കെട്ടുകള്‍ക്ക് അപ്പുറത്ത് ആളുകളെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായിപ്പോലും പണപ്പയറ്റ് വേദികളെ ഇവര്‍ കാണുന്നു.

ഏതൊരു സാമ്പത്തിക ഇടപാട് കേന്ദ്രങ്ങളിലുമുളള ലെഡ്ജര്‍ പോലെയാണ് പണപ്പയറ്റ് പുസ്തകം. ഓരോരുത്തരും നല്‍കുന്ന സംഖ്യയും പയറ്റ് നടത്തുന്നയാളുടെ വിവരങ്ങളും അതില്‍ രേഖപ്പെടുത്തും. അതുകൊണ്ടു തന്നെ പിന്നീടുളള തര്‍ക്കങ്ങളോ ഒന്നും ഉണ്ടാകുന്നുമില്ല. പണപ്പയറ്റിന്റെ ആധികാരിക രേഖയും ഈ പുസ്തകമാണ്. ഏഴും എട്ടും പതിറ്റാണ്ട് പഴക്കമുളള പയറ്റുപുസ്തകങ്ങള്‍ ഇന്നും സൂക്ഷിക്കുന്നവര്‍ വാണിമേലില്‍ ഉണ്ട്. പയറ്റുപണം മടക്കിയില്ലെങ്കില്‍ അത് വലിയ വിശ്വാസഭംഗമായിട്ടാണ് കണക്കാക്കുന്നത്.

ഒരുപക്ഷെ പുതിയ തലമുറ പണപ്പയറ്റിനെ കൂടുതല്‍ വിപുലമാക്കിയാല്‍, അത് ബാധ്യത ഇല്ലാത്ത് ഫണ്ട് റെയ്‌സിംഗ് സംവിധാനം എന്ന നിലയില്‍ ഏറെ പ്രചാരം നേടിയേക്കാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version