കാണികളുടെ ആരവങ്ങള്‍ക്കിടെ മൈതാനങ്ങളില്‍ എത്രയോ തവണ ഫുട്ബോളിനെ ചുംബിച്ച ചടുലമായ കാലുകളിലൊന്ന് അപകടത്തില്‍ നഷ്ടമായപ്പോഴും ആത്മവിശ്വാസം ഇരട്ടിക്കുക മാത്രം ചെയ്ത അത്ഭുത താരം. ഇന്ത്യന്‍ ആംപ്യൂട്ടി ഫുട്ബോള്‍ ക്യാപ്റ്റന്‍ പേരാമ്പ്രക്കാരന് വൈശാഖ്. കേരളത്തില്‍ ഫുട്ബോള്‍ ജ്വരം കയറിയ യുവാക്കള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്കുന്ന അക്കാഡമി എന്നതാണ് വൈശാഖിന്റെ ലക്ഷ്യം. കഴിയുന്നത്ര കാലം ഫുട്ബോള്‍ കളിക്കാന്‍ കഴിയണമെന്ന സ്വപ്നത്തിനൊപ്പം ഫുട്ബോളിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും വൈശാഖ് പറയുന്നു. മികച്ച കളിക്കാരായിട്ടും ഫുട്ബോളില്‍ അവസരങ്ങള്‍ കിട്ടാതെ പോകുന്ന നിരവധി പേര് നാട്ടിന്‍പുറങ്ങളിലുണ്ടാകാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി ഒരു അക്കാഡമി തുടങ്ങണമെന്നാണ് വൈശാഖിന്റെ സ്റ്റാര്‍ട്ടപ്പ് സ്വപ്നം.
ലക്ഷ്യം ഫുട്ബോള്‍ അക്കാഡമി എന്ന സ്റ്റാര്‍ട്ടപ്പ്
ഫുട്ബോള്‍ കളിക്കാന്‍ മൈതാനങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് ഇപ്പോഴുള്ള പ്രധാന പരിമിതി. വെറുതെ കിടക്കുന്ന സ്കൂള്‍ ഗ്രൗണ്ടുകള്‍ ഇപ്പോള്‍ കിട്ടുന്നില്ല. അതിന് മാറ്റമുണ്ടാകണമെന്നും വൈശാഖ് പറയുന്നു. ആദ്യമായി ഇന്ത്യയുടെ ആംപ്യൂട്ടി ഫുട്ബോള്‍ ടീം അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ നായകന് വൈശാഖായിരുന്നു. കെനിയയിലായിരുന്നു മത്സരം. 2022 ലെ ആംപ്യൂട്ടി ലോകകപ്പാണ് വൈശാഖിന്റെ മനസ്സില്‍. ഉള്ളിലെ കനല് കെടാത്ത ഈ കളിക്കാരന് ഇനി ലക്ഷ്യം വയക്കുന്നത് ഫുട്ബോള്‍ അക്കാഡമി എന്ന സ്റ്റാര്‍ട്ടപ്പും.
മനസില്‍ ഫുട്ബോള്‍ മാത്രം
നാട്ടിന്‍പുറങ്ങളില്‍ ക്ലബുകളിലും മറ്റും കോച്ചിംഗ് കൊടുക്കുന്നത് പ്രൊഫഷണലായി പഠിച്ചിട്ടുള്ളവരല്ല. പലപ്പോഴും തെറ്റായ കാര്യങ്ങളായിരിക്കും ഇവര്‍ ഫുട്ബോളിനെ കുറിച്ച് പഠിപ്പിക്കുക. ഗ്രാസ്റൂട്ട് ലെവലിലൊക്കെ കോച്ചിംഗ് കൊടുക്കാനുള്ള ലൈസന്‍സ് ആദ്യം നേടിയെടുക്കണമെന്നുണ്ട്. ലൈസന്‍സ് കിട്ടിയതിന് ശേഷം അക്കാഡമി തുടങ്ങണമെന്നുമാണ് ലക്ഷ്യമെന്നും വൈശാഖ് പറയുന്നു.