ക്ഷേത്രങ്ങള്‍ക്ക് പൊതുവായൊരു പ്ലാറ്റ്ഫോം
വിശ്വാസികള്‍ക്ക് ഈശ്വര സമര്‍പ്പണത്തിനുള്ള വഴികാട്ടിയാകുകയാണ് ദേവായനമെന്ന സ്റ്റാര്‍ട്ടപ്പ്. ക്ഷേത്രങ്ങളെ സംബന്ധിച്ച വിവരങ്ങളും അവിടുത്തെ പൂജകളും ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ വിശ്വാസികളിലേക്കെത്തിക്കുകയാണ് ദേവായനം. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും ഏത് ക്ഷേത്രവുമായി എളുപ്പത്തില്‍ ബന്ധപ്പെടാനും വഴിപാടുകള്‍ നടത്താനും ഇതുവഴി സാധിക്കും. എല്ലാ ക്ഷേത്രങ്ങള്‍ക്കും വെബ്സൈറ്റുണ്ടാക്കി അവയെ പൊതുവായൊരു പ്ലാറ്റ്ഫോമിലെത്തിക്കുകയാണ് ദേവായനം. സജീവ് മനയങ്ങത്തും മധുസൂദനന് നമ്പൂതിരിയുമാണ് ദേവായനത്തിന്റെ അമരക്കാര്‍.
ലോകത്തിന്റെ ഏത് കോണില്‍ നിന്നും ക്ഷേത്രങ്ങളുമായി കണക്ട് ചെയ്യാം
ക്ഷേത്രങ്ങളുമായി ബന്ധപ്പെടാന്‍ ലോകത്തിന്റെ ഏത് കോണിലിരിക്കുന്ന വിശ്വാസികള്‍ക്കും അവസരമൊരുക്കുകയാണ് ദേവായനം ലക്ഷ്യമിടുന്നതെന്ന് ഫൗണ്ടര്‍ സജീവ് മനയങ്ങത്ത് വ്യക്തമാക്കുന്നു.
ദേവായനമെന്ന സോള്‍ സെല്‍ഫി
നേരിട്ട് ചെന്ന് പൂജയും വഴിപാടും നടത്താന്‍ സാധിക്കാത്തവര്‍, പ്രത്യേകിച്ച് വിദേശത്തുള്ളവര്‍ പലപ്പോഴും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആണ് ആശ്രയിക്കുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി ഡിവോട്ടിക്ക് നേരിട്ട് ക്ഷേത്രങ്ങളുമായി കണക്ട് ചെയ്യാനും പൂജകള്‍ നടത്താനും ദേവായനം സഹായിക്കുന്നു. സോള്‍ സെല്‍ഫിയെന്നാണ് ദേവായനത്തെ കുറിച്ച് ഫൗണ്ടര്‍ മധുസൂദനന് നമ്പൂതിരി പറയുന്നത്.
കൂടുതല്‍ ഭക്തസമൂഹത്തിലേക്ക്
ക്ഷേത്രത്തില്‍ പാലിക്കേണ്ട ആചാരങ്ങളെ കുറിച്ചും, ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള താമസ-ഭക്ഷണ സൗകര്യങ്ങളെ കുറിച്ചും വരെ ദേവായനം വിവരങ്ങള്‍ കൈമാറും. 60,000 ആളുകള്‍ ഇതിനോടകം ദേവായനം പ്ലാറ്റ്ഫോമിലൂടെ പൂജകള്‍ക്കായും മറ്റും ട്രാന്സാക്ഷന് നടത്തിക്കഴിഞ്ഞു. 3000ത്തിലധികം വിശ്വാസികള്‍ ഗസ്റ്റ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ദേവായനത്തെ ഇന്ത്യയിലുടനീളമുള്ള ഭക്തസമൂഹത്തിലേക്ക് എത്തിക്കാനാണ് ഫൗണ്ടര്‍മാര്‍ ലക്ഷ്യമിടുന്നത്.