ചെറുകിട സംരംഭങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ ധാരണയായി. 31,130 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങളാണ് രാജ്യത്തെ സംരംഭകരുമായി ചേർന്ന് കേന്ദ്രം, മൂന്ന് സേനകൾക്കുമായി നിർമ്മിക്കുക. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ(ഡിഎസി) യോഗം സംബന്ധിച്ച് തീരുമാനം എടുത്തു. ഇന്ത്യൻ സായുധ സേനക്കാവശ്യമായ വിവിധ പ്ലാറ്റ്‌ഫോമുകളുടെയും ഉപകരണങ്ങളുടെയും മൂലധന ഏറ്റെടുക്കലിനും യോഗം അംഗീകാരം നൽകി.
ഏകദേശം 38900 കോടി രൂപയുടെ നിർദേശങ്ങൾക്കാണ് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്. രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭക മേഖലയിലെ കമ്പനികൾക്ക് വലിയ പിന്തുണയാകും കേന്ദ്ര തീരുമാനം
പുതിയ മിസൈൽ സംവിധാനം വാങ്ങുന്നതും/ അധികമായി ഉള്‍പ്പെടുത്തുന്നതിനും തീരുമാനമായിട്ടുണ്ട്. ഇത് മൂന്നു സേനകളുടെയും പ്രഹരശേഷി വർധിപ്പിക്കും. നിലവിലുള്ള ആയുധശേഖരത്തിലേക്ക് 1,000 കിലോമീറ്റർ ദൂര പരിധിയുള്ള ദീര്‍ഘ ദൂര ഭൂതല മിസൈൽ സംവിധാനം കൂട്ടിചേർക്കും. വ്യോമസേനയിൽ യുദ്ധവിമാനങ്ങൾ വർധിപ്പിക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിച്ചു കൊണ്ട് 21 മിഗ് -29 വിമാനങ്ങൾ വാങ്ങുന്നതിനും നിലവിലുള്ള 59 മിഗ് -29 വിമാനങ്ങൾ നവീകരിക്കുന്നതിനും 12 എസ്‌യു -30 എംകെഐ വിമാനങ്ങൾ വാങ്ങുന്നതിനും ഡിഎസി അംഗീകാരം നൽകി.
റഷ്യയിൽ നിന്നു മിഗ് 29 വാങ്ങുന്നതിനും നവീകരണത്തിനും 7,418 കോടി രൂപ ചെലവാകുമെന്ന് കണക്കാക്കുന്നു. എസ്‌യു -30 എംകെഐ ഫ്ളൈറ്റുകൾ10,730 കോടി രൂപ ചെലവിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ നിന്ന് വാങ്ങും.