കേരളത്തിലെ ആദ്യത്തെ യൂണികോൺ സൃഷ്ടിച്ചത് മലപ്പുറംകാരൻ അനീഷ് അച്യുതൻ. രാജ്യത്തെ ഫിൻടെക് മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് ചുവടുറപ്പിച്ച നിയോബാങ്ക് ഓപ്പണിന്റെ ഫൗണ്ടറാണ് അനീഷ് അച്യുതൻ. ഓപ്പൺ ഫൗണ്ടർ അനീഷ് അച്യുതനുമായി Channeliam.com ഫൗണ്ടർ നിഷ കൃഷ്ണൻ നടത്തിയ അഭിമുഖത്തിൽ നിന്ന്.
ലക്ഷക്കണക്കിന് മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാക്കുമ്പോൾ യൂണിക്കോണിലേക്കുള്ള ആ യാത്ര എത്രത്തോളം Challenging ആണ്.
ഉത്തരം: വ്യക്തിപരമായി നോക്കുമ്പോൾ കഴിഞ്ഞ ഒരു ഇരുപത് കൊല്ലത്തെ സംരംഭക യാത്രയിലെ നല്ലൊരു മുഹൂർത്തമാണ് യൂണിക്കോൺ എന്നത്. ആദ്യമായി 2001ലാണ് ഒരു ഡോട്ട് കോം സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്. അത് 5കൊല്ലം പ്രവർത്തിപ്പിച്ചു. Access to capital, സമൂഹം സ്റ്റാർട്ടപ്പുകളെ നോക്കിക്കാണുന്ന രീതി, ഇൻവെസ്റ്റേഴ്സിന്റെ സമീപനം എന്നിവയെല്ലാം വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ തുടർന്നുള്ള യാത്രയിൽ ഈ ഇക്കോസിസ്റ്റം വളരെയധികം വളർന്നു.ഓപ്പൺ എന്ന സ്റ്റാർട്ടപ്പ് തുടങ്ങിയപ്പോഴും നിയോ ബാങ്കിംഗ് എന്ന ആശയം ആളുകൾക്ക് മനസ്സിലാവില്ലായിരുന്നു. ബാങ്കുകൾ, നിക്ഷേപകർ എന്നിവരെ നിയോബാങ്കിംഗിനെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.
ആദ്യത്തെ ഒന്ന്,ഒന്നര വർഷങ്ങളിൽ നിക്ഷേപകർ ഇത് അംഗീകരിച്ചിരുന്നില്ല.അതിന്റേതായ വെല്ലുവിളികൾ ഉണ്ടായിരുന്നു.പക്ഷേ,അവസാനത്തെ 4 വർഷങ്ങളിൽ നിക്ഷേപകരുടേയും പിന്തുണ നേടാനായി.
5 വർഷം മുൻപാണ് ഈയൊരു നിയോ ബാങ്ക് ഓപ്പൺ ആരംഭിക്കുന്നത്.തുടങ്ങുന്ന സമയത്ത് ഇതിനെക്കുറിച്ച് വളരെ വിശാലമായ ഒരു ധാരണ ഉണ്ടായിരുന്നോ?
ഓപ്പൺ ആരംഭിക്കുന്നത് 2017ലാണ്.നാല് ഫൗണ്ടേഴ്സ് ചേർന്നാണ് തുടങ്ങുന്നത്. അതിൽ 3 ഫൗണ്ടേഴ്സിന്റെ കൂടെ മുൻപ് 3 ഫിനാൻഷ്യൽ ടെക്നോളജി സ്റ്റാർട്ടപ്പ് ചെയ്തിട്ടുണ്ട്,കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ. അതുകൊണ്ട് ഫൗണ്ടേഴ്സിനെ കണ്ടെത്തുന്ന കാര്യത്തിൽ വെല്ലുവിളി ഉണ്ടായിരുന്നില്ല. കോ-ഫൗണ്ടറായ മേബിൾ ഇപ്പോൾ ഭാര്യയാണ്, അജീഷ് സഹോദരനാണ്. ഈ സ്റ്റാർട്ടപ്പ് തുടങ്ങുന്നതിന് മുൻപേ PAY U, സിട്രസ് തുടങ്ങിയ കമ്പനികളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ദിന,മുൻപ് ചെയ്ത സ്റ്റാർട്ടപ്പിന്റെ ക്ലയന്റായിരുന്നു. നിയോ ബാങ്കിംഗ് എന്ന ആശയം ഫിനാൻഷ്യൽ മേഖലയുമായി ബന്ധപ്പെട്ടതായതു കൊണ്ടുതന്നെ ആ രംഗത്തു നിന്നുള്ള ഒരാൾ കൂടി കോ-ഫൗണ്ടറായി വേണമെന്ന നിർബന്ധമുണ്ടായിരുന്നു. നേരത്തേ പരിചയമുള്ളതിനാൽ, ദീനയുമായി ഒരു Comfort level ഉണ്ടായിരുന്നു. അത് കൂടാതെ, ആദ്യഘട്ടത്തിൽ, സ്റ്റാർട്ടപ്പുകളിലും മറ്റ് കമ്പനികളിലും ഒരുമിച്ച് പ്രവർത്തിച്ച 20പേരടങ്ങുന്ന ഒരു സംഘവുമുണ്ടായിരുന്നു. അങ്ങനെയാണ് ഓപ്പൺ തുടങ്ങുന്നത്. പിന്നീട് അത് പടിപടിയായി വളർന്ന് നിലവിൽ 550പേരോളം ഓപ്പണിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
യൂണിക്കോണിൽ എത്തുന്നതുവരെ യൂണിക്കോൺ ആയിരുന്നു നിങ്ങളുടെ സ്വപ്നം.ഇനി യൂണിക്കോണിന് ശേഷം എന്താണ് ഭാവി പദ്ധതികൾ അല്ലെങ്കിൽ, ഭാവിയിൽ എന്തൊക്കെയാണ് ഓപ്പൺ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ?
യൂണിക്കോൺ എന്നത് ഒരു വഴിത്തിരിവ്(Milestone) തന്നെയാണ്. പക്ഷേ,ആത്യന്തികമായി ഒരു യൂണിക്കോണാവുക എന്നതിനേക്കാൾ പ്രധാനം ഉപഭോക്താക്കൾക്ക് വാല്യൂ കൊടുക്കുക, കമ്പനിയ്ക്ക് കൂടുതൽ ലാഭമുണ്ടാക്കുക അതുവഴി നിക്ഷേപകർക്ക് വാല്യൂ കൊടുക്കുകയെന്നതാണ്.തീർച്ചയായും യൂണിക്കോൺ എന്ന ഈ വഴിത്തിരിവ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനേയും ഈ രംഗത്തുള്ളവരേയും ഒരുപാട് പ്രചോദിപ്പിക്കുന്നതാണ്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു തുടക്കം മാത്രമാണ്. നിലവിലുള്ള 23ലക്ഷം ബിസിനസ്സുകളിൽ നിന്ന് അത് 50ലക്ഷം ബിസിനസ്സിലേക്ക് അടുത്ത 12 മാസത്തിനുള്ളിൽ എത്തിക്കണം. അതുപോലെ കസ്റ്റമേഴ്സിനായി 7500ഓളം പുതിയ ലോഞ്ചുകൾ നടത്തണം,ഇപ്പോളുള്ള ടീമിനെ 500ൽ നിന്ന് 1500ലെത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലാണ് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സ്റ്റാർട്ടപ്പ് തുടങ്ങിയ ഘട്ടം മുതൽ എന്ത് ചെയ്യണമെന്നറിയാതെ താങ്കൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് . ഈ ആശയം രൂപപ്പെട്ട ഘട്ടം മുതൽ, പഠനത്തിനുശേഷവും ഒക്കെ.അതുപോലെ ആശയമുണ്ടായിട്ടും എങ്ങനെ മുന്നോട്ടുപോകണമെന്നറിയാത്ത ഒരുപാട് സ്റ്റാർട്ടപ്പുകൾ കേരളത്തിലുണ്ട്. സ്വന്തം ജീവിതവുമായി താരതമ്യപ്പെടുത്തി ,സ്റ്റാർട്ടപ്പ് മേഖലയിൽ എങ്ങനെ പിടിച്ചു നിൽക്കണം, എങ്ങനെ മുന്നോട്ടുപോകണ മെന്നാണ് അങ്ങനെയുള്ളവരോട് താങ്കൾക്ക് പറയാനുള്ളത്?
ഒന്ന്, നമുക്ക് ഒരു ആശയം ഉണ്ടെങ്കിൽ ആ ആശയത്തിൽ പൂർണ്ണമായും വിശ്വസിച്ച് മുന്നോട്ടുപോകണം.തുടക്കത്തിൽ അതിൽ ഒരുപാട് തടസ്സങ്ങളുണ്ടാകും.സംരംഭകത്വത്തിൽ ഏറ്റവും സുരക്ഷിതമായ കാര്യം എന്തെന്നാൽ അതിൽ നമ്മൾ പരാജയപ്പെട്ടാലും പിന്നീട് മറ്റേതൊരു ജോലിയ്ക്ക് അപേക്ഷിക്കുമ്പോഴും ഒരു ഗ്രാജ്യുവേറ്റിനെക്കാൾ കൂടുതൽ മുൻഗണന നൽകുന്നത് അവർക്കായിരിക്കും.കാരണം ഒരു സ്റ്റാർട്ടപ്പിനെ നയിക്കുമ്പോൾ അതിൽ ലീഗൽ,സെയിൽസ് എന്നിങ്ങനെ പല കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതായി വരും.അതുകൊണ്ടുതന്നെ ഇവയൊക്കെ കൈകാര്യം ചെയ്യാനാകുന്ന അങ്ങനെയൊരാളെയാണ് കമ്പനിയ്ക്ക് ലഭിക്കുന്നത്.രണ്ടാമതായി, പലപ്പോഴും നമ്മൾ കാണുന്നത്, അഞ്ചോ ആറോ വർഷം സ്റ്റാർട്ടപ്പിനായി പരിശ്രമിച്ച് സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്ന ആളുകളെയാണ്.അതിന് പകരം ആദ്യ രണ്ടുവർഷം നമ്മുടെ ആശയം വിജയകരമാകുന്നില്ലെന്ന് കണ്ടാൽ,ചെറിയൊരു ഇടവേള എടുത്ത്,ആവശ്യമെങ്കിൽ പുതിയൊരു ആശയം കണ്ടെത്തി തിരിച്ചുവരാം. അങ്ങനെയുള്ള ചില കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ ഈ സംരംഭക യാത്ര കുറച്ചുകൂടി സുഗമമാക്കാൻ സാധിയ്ക്കും.
കേരളത്തിൽ നിന്നാണ് തുടങ്ങിയതെങ്കിലും ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് ഓപ്പൺ കൂടുതലും പ്രവർത്തിച്ചത്.പക്ഷേ കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്നത് കേരളത്തിലെ ആദ്യത്തെ യൂണിക്കോൺ എന്നുള്ളതാണ്.എന്താണ് തിരിച്ച് കേരളത്തിന് കൊടുക്കാൻ ആഗ്രഹിക്കുന്നത്?
ഓപ്പൺ രജിസ്റ്റർ ചെയ്തത് കേരളത്തിലാണ്.ഓപ്പണിനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പം ഡെൽഹി,ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതായിരുന്നു.കോർപ്പറേറ്റ് ഇപ്പോഴും ബാംഗ്ലൂരിലാണ്.അവിടെത്തന്നെ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ വിദേശ സഹായമടക്കം ലഭിക്കാൻ എളുപ്പവുമാണ്.എന്നാൽ കേരളത്തിൽ തന്നെ ചെയ്തതിന്റെ ഉദ്ദേശം ആദ്യഘട്ടം മുതൽ പിന്തുണച്ച കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് എന്തെങ്കിലും തിരിച്ചു നൽകണമെന്ന ആഗ്രഹമുള്ളതു കൊണ്ടാണ്.നിലവിൽ 2 ഇനീഷ്യേറ്റീവുകളാണ് കേരളത്തിനുവേണ്ടി ചെയ്യുന്നത്.തിരുവനന്തപുരത്തും കൊച്ചിയിലുമായി ഒരു ഡെവലപ്പ്മെന്റ് സെന്റർ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. അടുത്ത 3വർഷത്തിനുള്ളിൽ ഏകദേശം 800ഓളം ഡെവലപ്പേഴ്സിനെ റിക്രൂട്ട് ചെയ്യാനുദ്ദേശിക്കുന്നു.ഏകദേശം 150കോടിയോളം രൂപ കേരളത്തിൽ ഇതിനായി നിക്ഷേപിക്കും.രണ്ടാമതായി, ഇക്കോസിസ്റ്റത്തിന്റെ വികാസത്തിനായി ഒരു ഫിൻടെക്ക് ആക്സിലറേറ്റർ കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് സജ്ജമാക്കിയിട്ടുണ്ട്.ഓപ്പൺ അപ്പ് ആക്സിലറേറ്റർ എന്നാണതിന്റെ പേര്.അതുവഴി,ഏകദേശം 500ഓളം ഫിൻടെക്ക് സ്റ്റാർട്ടപ്പുകളും 200കോടിയോളം നിക്ഷേപങ്ങളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എത്തിക്കുക,അതിലൂടെ, 15000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.അതിനുവേണ്ടി കേരള സ്റ്റാർട്ടപ്പ് മിഷനുമായും മറ്റ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പാർട്ട്നേഴ്സുമായി ചേർന്നുള്ള ഒരുപാട് പരിപാടികൾ പദ്ധതിയിടുന്നുണ്ട്.പ്രധാനമായും ഈ രണ്ട് കാര്യങ്ങളാണ് കേരളത്തിനുവേണ്ടി നിലവിൽ തിരിച്ചു കൊടുക്കാൻ ഉദ്ദേശിക്കുന്നത്.
ആളുകളെല്ലാം ആഘോഷിക്കുന്നത് ഒരു യൂണിക്കോൺ എന്നുള്ള രീതിയിലായിരിക്കും.പക്ഷേ താങ്കൾക്കറിയാം, തുടക്കം മുതൽ ഫണ്ടിംഗ് നേടിയെടുത്ത ഒരു പ്രക്രിയ.അതാവും എല്ലാവർക്കും കേൾക്കാൻ ആഗ്രഹം.എങ്ങനെയാണ് നിങ്ങൾ ഇത്രയും ഫണ്ട് സ്വരൂപിച്ചത്?
ഒന്ന് ഇതെന്റെ അഞ്ചാമത്തെ സ്റ്റാർട്ടപ്പാണ്.പല പരാജയങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും വന്നതുകൊണ്ട് ഒരുപാട് ഗുണമുണ്ട്.പ്രത്യേകിച്ചും പരാജയപ്പെടുമ്പോൾ നമ്മൾ ആൾക്കാരുമായി സൃഷ്ടിച്ചെടുക്കുന്ന ബന്ധങ്ങൾ, നിക്ഷേപകരുമായുള്ള ഇടപെടലുകൾ ഒക്കെ ഇതിന്റെ ഭാഗമാണ്.ഉദാഹരണത്തിന് 2017ൽ ഓപ്പൺ തുടങ്ങിയപ്പോൾ, ഇനീഷ്യൽ ഫണ്ടിംഗായ രണ്ടുകോടി ബോസുകളായ അമരീഷും ജിതയനുമാണ് നൽകിയത്.ആശയം വളർന്നുവരുന്ന ഘട്ടത്തിൽ തന്നെ സാമ്പത്തിക പിന്തുണ ലഭിച്ചു.അതുപോലെ തന്നെ, പ്രോഡക്ട് ലോഞ്ച് ചെയ്ത്, ഡെലിവറിംഗ് തുടങ്ങിയപ്പോൾ സ്വമേധയാ നിക്ഷേപകർ നമ്മളെ തേടി വരും. ഇങ്ങനെയൊക്കെ പറഞ്ഞാലും ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല.ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു.മാർക്കറ്റിംഗ് മേഖലയിൽ നേതൃസ്ഥാനം ഉണ്ടായിരുന്നതുകൊണ്ടും നിയോബാങ്കിംഗ് എന്ന സെഗ്മെന്റ് സൃഷ്ടിക്കാൻ കഴിഞ്ഞതുകൊണ്ടും ഫണ്ട് സ്വരൂപിക്കാൻ സാധിച്ചു.
ഇന്ത്യയിലെ 100ാം യൂണിക്കോൺ എന്ന നിലയിൽ വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് നൽകാനുള്ള സന്ദേശം എന്താണ് ?
ഉത്തരം:സ്വപ്നങ്ങളെ പിന്തുടരുക, അർപ്പണബോധത്തോടെ സ്വപ്നങ്ങളെ പിന്തുടർന്നാൽ അത് ഒരു ദിവസം സഫലമാകും.അതാണ് നൽകാനുള്ള സന്ദേശം.