സ്ത്രീകൾ കടന്നുചെല്ലാത്ത തൊഴിൽമേഖലകളൊന്നും ഇന്നില്ല.സ്ത്രീകളുടെ ഉന്നമനവും അവരെ സ്വയംപര്യാപ്തമാക്കുക എന്നതും ലക്ഷ്യമിട്ട് നിരവധി പദ്ധതികളും നിലവിലുണ്ട്. അത്തരത്തിൽ രാജ്യത്തുടനീളമുള്ള വളർന്നുവരുന്നതും, നിലവിലുള്ളതുമായ വനിതാ സംരംഭകർക്ക് പ്രോത്സാഹന വുമായി WEP എന്ന പേരിൽ വുമൺ എംപവർമെന്റ് പ്രോഗ്രാമിന് രൂപം നൽകിയിരിക്കുകയാണ് നീതി ആയോഗ്. Small Industries Development Bank of Indiaയുമായി കൈകോർത്താണ് നീതി ആയോഗ് WEP നടപ്പാക്കുന്നത്. ഇച്ഛാ ശക്തി, ജ്ഞാന ശക്തി, കർമ്മ ശക്തി എന്നീ മൂന്ന് മേഖലകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും WEP പ്രവർത്തിക്കുന്നത്. ഇച്ഛാ ശക്തി, സംരംഭകരെ അവരുടെ ബിസിനസ്സ് ആരംഭിക്കാൻ പ്രേരിപ്പിക്കുന്നു. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നതിനും അവർക്ക് അറിവും ഇക്കോസിസ്റ്റത്തിന്റെ പിന്തുണയും നൽകുന്നതിനെയാണ് ജ്ഞാന ശക്തി പ്രതിനിധീകരിക്കുന്നത്. ബിസിനസുകൾ സ്ഥാപിക്കുന്നതിലും വിപുലീകരിക്കുന്നതിലും സംരംഭകർക്ക് പിന്തുണ നൽകുന്ന വിഭാഗമാണ് കർമ്മ ശക്തി.
സൗജന്യ ക്രെഡിറ്റ് റേറ്റിംഗ്,മെന്റർഷിപ്പ്, വനിതാ സംരംഭകർക്ക് ധനസഹായം, അപ്രന്റീസ്ഷിപ്പ്, കോർപ്പറേറ്റ് പങ്കാളിത്തം തുടങ്ങിയ സേവനങ്ങൾ നൽകുന്നതിന് പുറമെ പരസ്പര പഠനം പരിപോഷിപ്പിക്കുന്നതിനായി അവരുടെ സംരംഭക യാത്രകളും കഥകളും അനുഭവങ്ങളും പങ്കിടാൻ WEP സംരംഭകരെ പ്രോത്സാഹിപ്പിക്കും.കൂടാതെ, WEP വനിതാസംരംഭകർക്ക് ഇൻകുബേഷനും ആക്സിലറേഷൻ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്.നിലവിൽ ഐഡിയേഷൻ സ്റ്റേജിലുള്ളതോ, പുതുതായി ആരംഭിച്ചതോ അതുമല്ലെങ്കിൽ നിലവിലുള്ളതുമായ വനിതാസംരംഭങ്ങൾക്ക് ആനുകൂല്യത്തിനായി സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്യാം. കോർപ്പറേറ്റുകൾ, എൻജിഒകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇൻകുബേഷൻ, ആക്സിലറേറ്റർ തുടങ്ങിയ കാര്യങ്ങളിലെല്ലാം വനിതാ സംരംഭകർക്ക് WEP പിന്തുണ നൽകും. കൂടുതൽ വിവരങ്ങൾക്കായി www.wep.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.അപേക്ഷകർക്ക് അവരുടെ Google അല്ലെങ്കിൽ Facebook ഐഡി വഴിയോ രജിസ്റ്റർ ടാബിന് കീഴിൽ ലഭ്യമായ ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
Related Posts
Add A Comment