Bisleri ഇന്റർനാഷണലിന്റെ ഭൂരിഭാഗം ഓഹരികളും 7,000 കോടി രൂപയ്ക്ക് ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് (TCPL) വാങ്ങുകയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ FMCG ഇടപാടിനാണ് രാജ്യം സാക്ഷിയാകാൻ പോകുന്നത്. കരാർ 7-8 മാസത്തിനുളളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസ്ലേരി ഇന്റർനാഷണലിന്റെ പ്രമോട്ടറും ചെയർമാനുമായ രമേഷ് ചൗഹാൻ പറഞ്ഞു.
2019-ൽ Heinz Indiaയുടെ ഉപഭോക്തൃ വെൽനസ് ബിസിനസ്സ് 4,595 കോടി രൂപയ്ക്ക് Zydus Wellness ഏറ്റെടുത്തതാണ് ഇതുവരെയുള്ള ഏറ്റവും വലിയ ഇടപാട്.
4 ലക്ഷത്തിന് വാങ്ങിയ ബ്രാൻഡ്
ഫെലിസ് ബിസ്ലേരി (Felice Bisleri) 1965-ൽ സൃഷ്ടിച്ച ഒരു ഇറ്റാലിയൻ ബ്രാൻഡായിരുന്നു ബിസ്ലേരി. നാല് വർഷത്തിന് ശേഷം, രമേഷ് ചൗഹാൻ, അദ്ദേഹത്തിന്റെ സഹോദരൻ പ്രകാശ് ചൗഹാൻ, ബന്ധു വിജയ് ചൗഹാൻ എന്നിവർ ചേർന്ന് 4 ലക്ഷം രൂപയ്ക്ക് കമ്പനി സ്വന്തമാക്കി എന്നാണ് വിപണിയിലെ അഭ്യൂഹങ്ങൾ.
1969-ൽ രമേഷ്ചൗഹാന്റെ നേതൃത്വത്തിലുള്ള പാർലെ എക്സ്പോർട്ട്സാണ് ഇടപാട് നേടിയത്. ബിസ്ലേരി സോഡ ജനപ്രിയമായിരുന്നു, അതിനാലാണ് കമ്പനി വാങ്ങിയതെന്നും എന്നാൽ അന്ന് വെള്ളക്കച്ചവടത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ചൗഹാൻ തന്നെ പറഞ്ഞിരുന്നു. 1993-ൽ കുപ്പിവെള്ള വ്യവസായത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത് 186 കോടി രൂപയ്ക്ക് തന്റെ ശീതളപാനീയ പോർട്ട്ഫോളിയോ കൊക്കകോളയ്ക്ക് വിറ്റപ്പോഴാണ്.
ഇന്ന് അദ്ദേഹത്തിന്റെ 82-ാം വയസ്സിലാണ് Bisleri ഒരു ബിഗ് ഡീലിലൂടെ ടാറ്റ സ്വന്തമാക്കുന്നത്. ആരോഗ്യനില മോശമായതിനാലും മകൾ ജയന്തിക്ക് ബിസിനസിൽ താൽപ്പര്യമില്ലാത്തതിനാലുമാണ് ചൗഹാൻ കുപ്പിവെളള കമ്പനി ടാറ്റ കൺസ്യൂമർ പ്രൊഡക്സിന് വിൽക്കുന്നത്.
തുടക്കം സോഡയിൽ
Bisleri ചിരപരിചിതമായ ഒരു പേരാക്കി മാറ്റിയത് അന്നത്തെ 28 കാരനായ രമേഷ് ചൗഹാന്റെ ബുദ്ധിയും തന്ത്രങ്ങളുമാണ്.
സോഡാ ബ്രാൻഡായാണ് Bisleri ആദ്യമെത്തിയത്. ഗ്ലാസ് ബോട്ടിലുകളിൽ ബബ്ലി, സ്റ്റിൽ എന്നീ രണ്ട് വേരിയന്റുകളിലുമാണ് ബിസ്ലേരി ഇന്ത്യയിൽ അവതരിപ്പിച്ചത്. പിന്നീടാണ് പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ എന്ന ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. നിലവിൽ, ഇന്ത്യയിലും വിവിധരാജ്യങ്ങളിലുമായി 130-ലധികം പ്രവർത്തന പ്ലാന്റുകളും 4,500 വിതരണക്കാരുമാണ് ബിസ്ലേരിക്കുളളത്.
വിപണിയിലെ വിദഗ്ധർ പറയുന്നതനുസരിച്ച്, ബിസ്ലേരിയുടെ ഭൂരിഭാഗം ഓഹരികളും വാങ്ങാനുള്ള തീരുമാനം ടാറ്റയുടെ ബിവറേജസ് പോർട്ട്ഫോളിയോ വിപുലീകരിക്കാൻ സഹായിക്കും. Bisleri എന്ന പേര് ഉപയോഗിക്കുകയാണെങ്കിൽ ബിവറേജസ് വിഭാഗത്തിൽ ടാറ്റയുടെ ബ്രാൻഡിനെ അത് കൂടുതൽ ശക്തിപ്പെടുത്തും. 2023 സാമ്പത്തിക വർഷത്തിൽ 2,500 കോടി രൂപയുടെ വിൽപനയും 200 കോടിയിലധികം അറ്റാദായവും ബിസ്ലേരി കൈവരിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. Spycy, Fonzo, Pina Colada, Limonata തുടങ്ങിയ ബ്രാൻഡുകളുള്ള ഒരു ചെറിയ കാർബണേറ്റഡ് ബിവറേജസ് ബിസിനസും ബിസ്ലേരിക്ക് ഉണ്ട്. 2000-ത്തിന്റെ തുടക്കത്തിൽ, ഹിമാലയൻ ബ്രാൻഡിന് കീഴിലുള്ള ടാറ്റയുടെ മൗണ്ട് എവറസ്റ്റ് മിനറൽ വാട്ടറുമായി Biseri നേരിട്ടുളള മത്സരത്തിലായിരുന്നു.
ടാറ്റ ഇനി കസറും
ചായ, കാപ്പി, പാനീയങ്ങൾ, ഭക്ഷണസാധനങ്ങൾ, എന്നിവയുൾപ്പടെയുന്ന ഒരു പ്രോഡക്ട് പോർട്ട്ഫോളിയോ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന് ഉണ്ട്. മുമ്പ് ടാറ്റ ടീ എന്നറിയപ്പെട്ടിരുന്ന കമ്പനി പിന്നീട് ടാറ്റ ഗ്ലോബൽ ബിവറേജസ് എന്ന് പുനർനാമകരണം ചെയ്തു. ഹിമാലയൻ വാട്ടർ, ടാറ്റ കോപ്പർ പ്ലസ് വാട്ടർ, ടാറ്റ ഗ്ലൂക്കോ, ഫ്രുസ്കി എന്നിവയിലൂടെ ടിസിപിഎല്ലിന് ബിവറേജസ് ബിസിനസിൽ കൂടുതൽ ലക്ഷ്യങ്ങളുണ്ടെന്ന് ഈ മേഖലയെ നിരീക്ഷിക്കുന്ന വിദഗ്ധർ പറയുന്നു.