IT കുതിക്കുകയാണെങ്കിൽ കൂട്ട പിരിച്ചുവിടൽ എന്തിന്?
ഇന്ത്യയിൽ ഐ ടി മേഖലയിൽ ഒഴിച്ച് മറ്റെല്ലായിടത്തും തൊഴിലവസരങ്ങൾ ഉയരുകയാണെന്നും ഐ ടി മേഖല താഴേക്കാണെന്നും Development Bank of Singapore Limited ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 98% തൊഴിലന്വേഷകരും IT മേഖലയോട് വിട പറഞ്ഞു മറ്റു ജോലി തേടി പോകുകയാണെന്ന് മറ്റൊരു റിപ്പോർട്ട് പറയുന്നു. ഡിജിറ്റൽ ഇന്ത്യയിൽ IT ബൂമാണ് നടക്കുന്നതെങ്കിൽ ഇത്ര കണ്ട് തൊഴിൽ സീറ്റുകൾ വെട്ടിക്കുറക്കുന്നതെന്തിനാണ്?
ഏത് മേഖലയിലാണ് ഇപ്പോൾ തൊഴിൽ സാധ്യത ഏറുന്നത്. നമുക്ക് നോക്കാം.
ഇന്ത്യ മഹാരാജ്യം വേഗത്തിൽ വളരുകയാണെന്നും ഇന്ത്യയുടെ ജിഡിപി 2022 ൽ 3.5 ട്രില്യൺ യുഎസ് ഡോളർ കടന്നുവെന്നും പ്രമുഖ ആഗോള റേറ്റിംഗ് ഏജൻസി മൂഡീസ് വിലയിരുത്തുന്നു.
ഇന്ത്യയിലെ രാജ്യത്തെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടതായി ഡിബിഎസ് സ്വകാര്യ സർവേ ചൂണ്ടികാണിക്കുന്നു. അതേസമയം ബാങ്കിംഗ്, ഹെൽത്ത് കെയർ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഐടി സേവനങ്ങളിലെ വേഗത മന്ദഗതിയിലാണ്.
ഡിബിഎസ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ഐടി മേഖലയിലെ നിയമനങ്ങളിൽ ഇന്ത്യയിൽ 27% കുറവുണ്ടായി. കൂടാതെ മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് തുടങ്ങിയ കമ്പനികൾ വൻ തോതിൽ പിരിച്ചുവിടലും നടത്തി.
200 ജീവനക്കാരുള്ള ട്വിറ്ററും പറഞ്ഞ് വിടുന്നു!
ഈ വർഷം, 702 ടെക് കമ്പനികൾ 1,99,047 ജീവനക്കാരെ പിരിച്ചുവിട്ടതായി വെബ്സൈറ്റ് layoffs.fyi പറയുന്നു. മെയ് 18 വരെ ഏകദേശം 1,97,985 ടെക് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. 2022 ൽ 1057 കമ്പനികൾ പിരിച്ചുവിട്ടത് 1,64,709 ജീവനക്കാരെ. ആമസോൺ ഇന്ത്യ 1,000 ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് ഇന്ത്യയിൽ പിരിച്ചുവിടൽ സീസൺ ആരംഭിച്ചത്.
പിന്നീട് ട്വിറ്റർ 90 ലധികം ജീവനക്കാർക്ക് നോട്ടീസ് നൽകി. ഇരുനൂറോളം ജീവനക്കാർ മാത്രമാണ് ട്വിറ്ററിന് ഇന്ത്യയിലുണ്ടായിരുന്നതെന്ന് ഓർക്കണം. രാജ്യത്തെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
പലിശയിലെ വർദ്ധന കാരണം വിദേശ വായ്പകൾ വേണ്ടെന്നു വയ്ക്കുന്ന ഇന്ത്യൻ വ്യവസായ മേഖലക്ക് പക്ഷെ വിദേശ നിക്ഷേപത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഇന്ത്യയിലെ ഓഹരി വിപണിയിൽ മെയ് ആദ്യ പകുതിയിൽ വിദേശ പോർട്ഫോളിയോ നിക്ഷേപകർ 24,939 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇത് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണ്.
ഒരു ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ട് കഴിഞ്ഞു!
ലോകമാകെ ഈ വർഷം ഇതുവരെ ഐടി മേഖലയിൽ രണ്ടുലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. അതിൽ ഇന്ത്യക്കുമുണ്ട് പങ്ക് . ആഗോളതലത്തിൽ സ്റ്റാർട്ട് അപ്പുകൾ മുതൽ വലിയ കമ്പനികൾ വരെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി തുടരുകയാണ്. മെറ്റ, ബിടി, വൊഡഫോൺ അടക്കമുള്ള കമ്പനികളാണ് കൂട്ടപ്പിരിച്ചുവിടൽ നടത്തിയത്. വരും മാസങ്ങളിൽ ഇത്തരം പിരിച്ചുവിടൽ തുടരാൻ സാധ്യത ഏറെയാണെന്ന് വിവിധ സ്ഥാപനങ്ങൾ സൂചന നൽകുന്നു. വലുതും ചെറുതുമായ 702കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്. ഏകദേശം 1,99ലക്ഷം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.
2022ൽ 1046 ടെക് കമ്പനികളിലായി 1.61 ലക്ഷം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജനുവരിയിൽ മാത്രം ആഗോളതലത്തിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ട് കഴിഞ്ഞു. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ കമ്പനികളാണ് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടത്.
റിലയൻസേ, നിങ്ങളും?
റിലയൻസ് ഇൻഡസ്ട്രീസാണ് ഏറ്റവും ഒടുവിൽ ജീവനക്കാരെ വൻതോതിൽ വെട്ടിക്കുറച്ചത് . ജിയോമാർട്ടിന്റെ ഓൺലൈൻ മൊത്തവ്യാപാര ഫോർമാറ്റായ ജിയോമാർട്ട് 1,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു.
അതേസമയം റിയൽ എസ്റ്റേറ്റ്, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് ഇൻഷുറൻസ് അഥവാ ബിഎഫ്എസ്ഐ, തുടങ്ങിയ ടെക് ഇതര മേഖലകളിൽ സജീവ നിയമനം നടക്കുന്നുണ്ട്. അതായത്, ഇൻഷുറൻസ്, ബാങ്കിംഗ് മേഖലകൾ യഥാക്രമം 13%, 11% വളർച്ച കൈവരിച്ചിരിക്കുന്നു. ഫാർമ റിക്രൂട്ട്മെന്റിലും 3% വളർച്ചയുണ്ട്. IT തളരുകയും ബാങ്കിംഗ്, ഇൻഷുറൻസ് സേവന മേഖലകൾ കൂടുതൽ തൊഴിൽ അവസരങ്ങൾ തുറന്നിടുകയുമാണ് എന്നാണോ ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്?