പിന്നിട്ട സാമ്പത്തിക വർഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് കമ്പനികളുടെ ഉണര്‍വ് ശക്തമായിരുന്നു. അതിക്കൊല്ലവും തുടരുമെന്ന പ്രതീക്ഷ നൽകുകയാണ് രാജ്യത്തെ ലിസ്റ്റഡ് കമ്പനികള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) ഓഹരി നിക്ഷേപകര്‍ക്ക് ലിസ്റ്റഡ് കമ്പനികള്‍ സമ്മാനിച്ച ലാഭവിഹിതം 3.26 ലക്ഷം കോടി രൂപയാണ്.
2021-22 ൽ രാജ്യത്തെ ലിസ്റ്റ് കമ്പനികൾ നിക്ഷേപകർക്കു വിതരണം ചെയ്ത 2.6 ലക്ഷം കോടി രൂപയേക്കാള്‍ 26 % വർധനവാണുണ്ടായിരിക്കുന്നത് ഇത്തവണ.
ബി.എസ്.ഇ 500ല്‍ ലിസ്റ്റ് ചെയ്ത 317 കമ്പനികള്‍ ചേര്‍ന്ന് നല്‍കിയതാണ് 3.26 ലക്ഷം കോടി രൂപ. കമ്പനികളുടെ ലാഭവിഹിത അനുപാതം 2021-22ലെ 34.66 ശതമാനത്തില്‍ നിന്ന് 41.46 ശതമാനമായും ഉയര്‍ന്നു.
സമ്പദ്വ്യവസ്ഥക്കു മുന്നറിയിപ്പുമായി RBI
ശക്തമായ തിരിച്ചുവരവ് പ്രകടമാക്കിയെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത അപകടസാധ്യതകള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ഷിക റിപ്പോര്‍ട്ട്. ആഗോള മാന്ദ്യം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍,സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിവ കാരണമാണിത്. സ്വകാര്യ നിക്ഷേപത്തിലെ കുറവ് കാര്യമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
പ്രതികൂല ഘടകങ്ങൾ
- ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ബാഹ്യ ഘടകങ്ങളില്‍ നിന്ന് വെല്ലുവിളികള്‍ നേരിടുന്നുണ്ട്.
- സ്വകാര്യ നിക്ഷേപത്തിൽ രാജ്യത്തു ഗണ്യമായ കുറവ്.
- പണപ്പെരുപ്പ സമ്മര്‍ദ്ദവും ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വവും ഉപഭോഗം കുറയ്ക്കുന്നു.
- ഇത് വളര്‍ച്ചയെ ബാധിക്കും.
അനുകൂല ഘടകങ്ങൾ
- ആഗോള വളര്‍ച്ചയ്ക്ക് കഴിഞ്ഞ 5 വര്‍ഷത്തില്‍ രാജ്യം 12 ശതമാനം സംഭാവന നല്കി.
- കഴിഞ്ഞ വർഷം വളർച്ച 7%
- ആഭ്യന്തര മാക്രോ ഇക്കണോമിക്, സാമ്പത്തിക അവസ്ഥകള്‍, മുന്‍കാല പരിഷ്കാരങ്ങള്‍ കാരണമുള്ള നേട്ടം
- ആഗോള ഭൗമ-സാമ്പത്തിക മാറ്റങ്ങള്‍, പുതിയ വളര്‍ച്ചാ അവസരങ്ങള്‍ എന്നിവ
TCS ലാഭ വിഹിതത്തിൽ മുന്നിൽ, പിന്നാലെ വേദാന്ത
മുന്‍വര്‍ഷത്തേക്കാള്‍ 167.4 % വര്‍ദ്ധനയോടെ 42,090 കോടി രൂപ ലാഭവിഹിതം സമ്മാനിച്ച് രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസാണ് കഴിഞ്ഞവര്‍ഷം ഒന്നാമത്.
126 %വര്‍ദ്ധനയോടെ 37,758 കോടി രൂപ ലാഭവിഹിതം നല്കിയ ഖനന രംഗത്തെ പ്രമുഖരായ വേദാന്തയാണ് രണ്ടാംസ്ഥാനത്ത്.
319 %വര്‍ദ്ധനയോടെ 31,899 കോടി രൂപ ലാഭവിഹിതവുമായി ഹിന്ദുസ്ഥാന്‍ സിങ്ക് മൂന്നാംസ്ഥാനത്തുണ്ട്. കോള്‍ ഇന്ത്യ 20,491 കോടി രൂപയും, ഐ.ടി.സി 15,846 കോടി രൂപയും ലാഭവിഹിതം നല്കി.
ഓഹരിയൊന്നിന് ഏറ്റവും ഉയര്‍ന്ന തുക ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനികളുടെ പട്ടികയിലും മുന്നില്‍ ടി.സി.എസാണ്. ഓഹരിയൊന്നിന് 2022-23ല്‍ 115 രൂപ വീതമാണ് കമ്പനി പ്രഖ്യാപിച്ചത്. 2021-22ല്‍ കമ്പനി നല്കിയ ലാഭവിഹിതം ഒന്നിന് 43 രൂപ വീതമായിരുന്നു.
വേദാന്തയുടെ ലാഭവിഹിതം 45 രൂപയില്‍ നിന്ന് 101.50 രൂപയായി ഉയര്‍ന്നു. 18 രൂപയില്‍ നിന്ന് 75.50 രൂപയായാണ് ഹിന്ദുസ്ഥാന്‍ സിങ്ക് പ്രഖ്യാപിച്ച ലാഭവിഹിതം ഉയര്‍ന്നത്.
ഓഹരിയൊന്നിന് 18.50 രൂപ വീതം വേദാന്ത നടപ്പുവര്‍ഷത്തെ (2023-24) ആദ്യ ലാഭവിഹിതവും പ്രഖ്യാപിച്ച് കഴിഞ്ഞു.