ജർമ്മനി കിതയ്ക്കുന്നുവോ?
ജർമനിയിലെ അടുത്തിടെ ഉയർന്നു വന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയെ സാരമായി തന്നെ ബാധിക്കും.
കയറ്റുമതിയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്ന ഇന്ത്യൻ പ്രതീക്ഷകൾ ഇക്കൊല്ലം ജർമനിയിലെ മാന്ദ്യത്തിൽ തട്ടി മന്ദഗതിയിലായേക്കാമെന്നാണ് സൂചനകൾ. ഇന്ത്യയിലെ 13.6 ബില്യൺ ഡോളറിലധികം ജർമൻ നിക്ഷേപങ്ങളും പ്രതിസന്ധിയിലായേക്കാം ഈ മാന്ദ്യം കാരണം.
ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ജർമ്മനിയുടെ ജി.ഡി.പിയിൽ കഴിഞ്ഞ വർഷത്തെ നാലാം പാദത്തിൽ 0.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അത്തരമൊരു ചെറിയ മാർജിനിൽ ഇടിവ് തന്നെ ജർമനിയെ പിടിച്ചു കുലുക്കുകയായിരുന്നു. പിനീട് 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജി.ഡി.പി 0.3 ശതമാനമായും കുറഞ്ഞതോടെയാണ് മാന്ദ്യത്തിലേക്ക് കടന്നത്.
തിരിച്ചടിയേറ്റു ഇന്ത്യൻ കയറ്റുമതി മേഖല
ജർമ്മനിയിലെ മാന്ദ്യം ഡിമാൻഡ് കുറയ്ക്കുന്നത് ഇന്ത്യയിൽനിന്നുള്ള രാസവസ്തുക്കൾ, യന്ത്രങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ കയറ്റുമതിയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. സ്മാർട്ട്ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, തുകൽ ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ 2 ബില്യൺ ഡോളർ മൂല്യമുള്ള കയറ്റുമതിയെ മാന്ദ്യം ബാധിക്കുമെന്നാണ് സൂചന.
- 2022ൽ, ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 4.4 ശതമാനം ജർമ്മനിയിലേക്കായിരുന്നു.
- പ്രധാനമായും ഓർഗാനിക് കെമിക്കൽസ്, മെഷിനറി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇരുമ്പ്, ഉരുക്ക്, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽനിന്നാണ് കയറ്റുമതി ഉണ്ടായിരുന്നത്.
- ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 14 ശതമാനവും യൂറോപ്യൻ യൂണിയനിലേക്കാണ്.
- ജർമ്മനി കഴിഞ്ഞാൽ ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത് നെതർലാൻഡ്സ്, ബെൽജിയം, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലേക്കാണ്.
2000 മുതൽ 2022 വരെയുള്ള ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) പ്രകാരം ജർമ്മനി 9ാം സ്ഥാനത്താണ്. ഗതാഗതം, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, മെറ്റലർജിക്കൽ വ്യവസായങ്ങൾ, ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവന മേഖല, രാസവസ്തുക്കൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ മൊത്തം 13.6 ബില്യൺ ഡോളറിലധികം നിക്ഷേപം നടന്നതായാണ് കണക്കുകൾ
ജർമനിയിലെ യിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമെന്ന് സി.ഐ.ഐ നാഷണൽ കമ്മിറ്റി (എക്സ്പോർട്ട് ആൻഡ് ഇംപോർട്ട്) ചെയർമാൻ സഞ്ജയ് ബുധിയ പറഞ്ഞു.
യൂറോപ്യൻ യൂണിയൻ മൊത്തത്തിൽ സമ്മർദ്ദത്തിലാകുന്ന സാഹചര്യമാണ് കാണുന്നത്.
മാന്ദ്യം ഇന്ത്യയിലെ ജർമൻ നിക്ഷേപങ്ങളിലും സ്വാധീനമുണ്ടാക്കാം. ഈ സാഹചര്യത്തിൽ ജർമ്മൻ കമ്പനികൾ മറ്റു ബദൽ മാർഗങ്ങൾ തേടിയേക്കാം. ഇത് ഇന്ത്യയിലെ ജർമ്മൻ നിക്ഷേപങ്ങളിൽ ചെറിയ തോതിലെങ്കിലും പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം”.