അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കേന്ദ്രം. കേരളത്തിലെ 5 സ്റേറഷനുകളും ഇതിനൊപ്പം മോടി പിടിപ്പിക്കും. 25,000 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.

രാജ്യത്തെ 508 റെയിൽവേസ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരേ സമയം ശിലാസ്ഥാപനം നടത്തി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയത്.

ഷൊർണൂർ ജംഗ്ഷൻ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട് എന്നീ കേരളത്തിലെ അഞ്ച് സ്റ്റേഷനുകളും നവീകരിക്കുന്നവയുടെ പട്ടികയിലുണ്ട്. മംഗളുരു ജംഗ്ഷൻ, നാഗർകോവിൽ എന്നിവിടങ്ങളും നവീകരിക്കുന്നത് കേരളത്തിന് ഗുണം ചെയ്യും.
ഇന്ത്യൻ റെയിൽവേയിലെ തറക്കല്ലിട്ട 508 സ്റ്റേഷനുകളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ഇതോടെ ആരംഭമായി.

25000 കോടിയുടെ അമൃത് ഭാരത് പദ്ധതിയിൽ ഉത്തർപ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ നവീകരിക്കുന്നത്. 55 എണ്ണം വീതം ഇവിടെ മുഖം മിനുക്കും.
സ്റ്റേഷനുകൾ നവീകരിക്കാൻ അമൃത് ഭാരത് പദ്ധതി

പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളിൽ നടപ്പാലങ്ങൾ, ലിഫ്ടുകൾ, എസ്കലേറ്ററുകൾ, പാർക്കിംഗ് സൗകര്യം, വിശ്രമമുറികൾ, നിരീക്ഷൻ ക്യാമറ, ജനറേറ്ററുകൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കും. യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങളോടെയാകും റെയിൽവേസ്റ്റേഷനുകൾ നവീകരിക്കുക. പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടും. സ്റ്റേഷനിലേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതും പദ്ധതിയുടെ ഭാഗമാകും.