അമേരിക്കൻ വിപണിയിൽ നിന്നും ചൈനയെ പുറത്താക്കി മെയ്ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ. ഇന്ത്യ-യു എസ് കയറ്റുമതി ഇറക്കുമതി  രംഗത്ത്  കഴിഞ്ഞ മൂന്നു പാദങ്ങളിൽ മന്ദതയാണെങ്കിലും വളർച്ചാ നിരക്ക് കൂടി. ഇന്ത്യക്കു തുണയായത് വാൾമാർട്ട് നടത്തിയ വിപണി ഇടപെടൽ എന്ന് വ്യക്തമാകുന്നു.

അമേരിക്കൻ വിപണിയിൽ ചൈനീസ് നിർമിത ഉൽപന്നങ്ങൾക്ക് പകരമായി ഇന്ത്യൻ ഉൽപന്നങ്ങൾ സ്വീകാര്യത നേടുകയാണ്. പല രാജ്യങ്ങളിലും ചൈനയ്‌ക്കെതിരെയുള്ള നടപടികളുടെ സ്വാധീനം ചരക്കുകളിലും ദൃശ്യമാണ്. ചൈനയിലെ ഉൽപാദനം, വിതരണ ശൃംഖല എന്നിവയിൽ നിന്ന് പല രാജ്യങ്ങളും അകന്നു. അമേരിക്കയും ചൈനയും തമ്മിൽ അഞ്ച് വർഷത്തോളമായി തുടരുന്ന വ്യാപാരയുദ്ധം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് അവസരങ്ങൾ തുറന്നിട്ടിരിക്കുകയാണ്.

ഒരു പുതിയ സർവേ അനുസരിച്ച്‌, 2018 നും 2022 നും ഇടയിൽ ചൈനയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതി 10 ശതമാനം കുറഞ്ഞു. അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിവിധ ഇനങ്ങളുടെ  ഇറക്കുമതി വർധിച്ചത് 44 ശതമാനമാണ്. അമേരിക്കയിലെ പുതിയ പ്രവണത  മെക്സിക്കോ, ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) രാജ്യങ്ങൾക്കും വളരെയധികം പ്രയോജനം ലഭിച്ചു.
2018 നും 2022 നും ഇടയിൽ മെക്സിക്കോയിൽ നിന്നുള്ള ഇറക്കുമതി 18 ശതമാനവും 10 ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള 65 ശതമാനവും വർധിച്ചു.  

വാൾമാർട്ടിൽ നിന്ന് ഇന്ത്യക്ക് സഹായം

അമേരിക്കയിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ വാൾമാർട്ടിന് അമേരിക്കയിൽ ഇന്ത്യയുടെ ഇറക്കുമതി വിജയത്തിൽ വലിയ പങ്കുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വാൾമാർട്ട് വർധിപ്പിച്ചു. അവരുടെ സ്റ്റോറുകളിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രധാന സ്ഥാനം നൽകി. ഭക്ഷ്യവസ്തുക്കൾ, ആരോഗ്യ സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് വാൾമാർട്ട് ഇന്ത്യയിൽ നിന്ന് വൻതോതിൽ ഇറക്കുമതി ചെയ്യുന്നത്.

ഇന്ത്യയിൽ നിന്ന് പ്രതിവർഷം 10 ബില്യൺ ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യാനാണ് വാൾമാർട്ട് ലക്ഷ്യമിടുന്നത്. നിലവിൽ ഈ കണക്ക് മൂന്ന് ബില്യൺ ഡോളറിലെത്തിക്കഴിഞ്ഞു. വാൾമാർട്ട് ഫ്ലിപ്പ്കാർട്ടിനെ സ്വന്തമാക്കിയത് മുതൽ ഇന്ത്യൻ വിപണിയോടുള്ള താൽപര്യം ഗണ്യമായി വർദ്ധിച്ചു എന്നത് ശ്രദ്ധേയമാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ, മധ്യ അമേരിക്ക, ബ്രിട്ടൻ തുടങ്ങി ലോകത്തിലെ 14 രാജ്യങ്ങളിലേക്ക് വാൾമാർട്ടിലൂടെ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ എത്തുന്നു.

2022-23ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു യു.എസ്. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-22ൽ 119.5 ബില്യൺ ഡോളറിൽ നിന്ന് 2022-23ൽ 7.65 ശതമാനം ഉയർന്ന് 128.55 ഡോളറായി. 2020-21ൽ ഇത് 80.51 ബില്യൺ ഡോളറായിരുന്നു.

ഇന്ത്യ – യു എസ് കയറ്റുമതി കുറഞ്ഞു, എങ്കിലും മുന്നിൽ

ഇന്ത്യയും യുഎസും തമ്മിലുള്ള കയറ്റുമതിയിലും ഇറക്കുമതിയിലും അടുത്തിടെ  കുറവുണ്ടായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഇതേ കാലയളവിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തിൽ ഇടിവുണ്ടായി. എങ്കിലും ഈ കാലയളവിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ് എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

2013-14 മുതൽ 2017-18 വരെ കയറ്റിറക്കുമതി കണക്കുകളിൽ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയായിരുന്നു ചൈന. കോവിഡിനു ശേഷവും 2020-21 ലെ ഇന്ത്യയുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളി ചൈന തന്നെയായിരുന്നു. 2022-23 ൽ ആ പദവി Us നേടിയെടുത്തു, ചൈന രണ്ടാം സ്ഥാനത്തേക്ക് മാറി.യു എ ഇ ഇന്ത്യയുമായി ഏറ്റവും കൂടുതൽ വ്യാപാര ബന്ധമുള്ള മൂന്നാമത്തെ രാജ്യമായി മാറി.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തിൽ ഇടിവുണ്ടായെങ്കിലും, വരും മാസങ്ങളിൽ വ്യാപാരത്തിൽ നല്ല പ്രവണതയുണ്ടാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ന്യൂഡൽഹിയും വാഷിംഗ്ടണും സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന നീക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരം വർധിക്കുന്ന പ്രവണത വരും വർഷങ്ങളിലും തുടരുമെന്നു വിപണി വിശ്വസിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version