ഇതിഹാസ വ്യവസായിയും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായിരുന്ന രത്തൻ ടാറ്റയുടെ വിശ്വസ്തനും സന്തത സഹചാരിയുമായിരുന്നു ശന്തനു നായിഡു. രത്തൻ ടാറ്റയുടെ അവസാന കാലത്ത് അദ്ദേഹത്തിന്റെ നിഴലായി ഒപ്പമുണ്ടായിരുന്ന ശന്തനുവുമായി വലിയ ഹൃദയബന്ധം അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു. രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിലും ശന്തനുവിന്റെ പേര് പരാമർശിച്ചിരുന്നു. ഇപ്പോൾ തന്റെ പുതിയ സംരംഭവുമായി വാർത്തയിൽ നിറയുകയാണ് ശന്തനു.
തന്റെ റീഡിംഗ് കമ്മ്യൂണിറ്റിയായ ബുക്കീസിന്റെ (Bookies) പുതിയ ലോഞ്ചിന്റെ വിശേഷങ്ങളുമായാണ് ശന്തനു എത്തിയിരിക്കുന്നത്. പൊതുസ്ഥലത്ത് ആളുകൾക്ക് ഒത്തുകൂടി വായിക്കാൻ അവസരമൊരുക്കുന്ന റീഡിംഗ് കമ്മ്യൂണിറ്റിയായ ബുക്കീസ് ആദ്യം ആരംഭിച്ചത് മുംബൈയിലാണ്. പിന്നീട് പൂനേയിലും ബെംഗളൂരുവിലും സമാന രീതിയിൽ ശന്തനു ബുക്കീസ് ആരംഭിച്ചു. ഇപ്പോൾ ജയ്പൂർ ബുക്കീസിന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ശന്തനു.
ഡിസംബർ 8നാണ് ബുക്കീസ് ജയ്പ്പൂരിൽ ആരംഭിക്കുക. ഇതിനായി സൈൻ അപ്പ് ചെയ്യാൻ വായനക്കാരെ ശന്തനു ക്ഷണിച്ചിട്ടുമുണ്ട്. ലിങ്ക്ഡ് ഇൻ വഴിയാണ് ശന്തനു പുതിയ പ്രഖ്യാപനം നടത്തിയത്. പുസ്തകപ്രേമികൾക്ക് ലോഞ്ചിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെങ്കിൽ പൂരിപ്പിച്ചു നൽകേണ്ട ഫോം ഉൾപ്പെടെയാണ് ശന്തനു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സമീപഭാവിയിൽത്തന്നെ ഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ്, സൂറത്ത് എന്നീ നഗരങ്ങളിസും ബുക്കീസ് കമ്യൂണിറ്റി ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് ശന്തനു.
Shantanu Naidu launches the Jaipur chapter of Bookies, a silent reading initiative aimed at reviving the joy of reading in public spaces. Discover how this tribute to Ratan Tata inspires a nationwide reading movement.