വിദേശ വാഹന നിർമാതാക്കളുടെ സ്വപ്ന വിപണിയാണ് ഇന്ത്യ. ഇലക്ട്രിക് വാഹന രംഗത്തും ഈ അവസ്ഥ തുടരുന്നു. ചൈനീസ് വാഹന നിർമാതാക്കൾ അടക്കം ഇന്ത്യയിൽ എത്തുന്നതും ഈ വിപണി സാധ്യത മുന്നിൽക്കണ്ടാണ്. ഇപ്പോൾ എംജി മോട്ടോഴ്‌സ്, ബിവൈഡി തുടങ്ങിയ
ചൈനീസ് കമ്പനികൾക്ക് പിന്നാലെ മറ്റൊരു കമ്പനി കൂടി ഇന്ത്യൻ വാഹന വിപണിയിൽ എത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്ന ചൈനീസ് വാഹന കമ്പനിയായ ലീപ്പ് മോട്ടോഴ്‌സാണ് ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്നത്.
ലീപ്പ് മോട്ടോഴ്‌സ് ഒറ്റയ്ക്കല്ല ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്നത്. ഫിയറ്റ്, ജീപ്പ്, സിട്രോൺ തുടങ്ങിയ വാഹന ബ്രാൻഡുകളുടെ മാതൃസ്ഥാപനവും അമേരിക്കൻ വാഹന നിർമാതാക്കളുമായ സ്റ്റെല്ലാന്റിസുമായി സഹകരിച്ചാണ് ചൈനീസ് കമ്പനി ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സ്റ്റെല്ലാന്റിസ് ലീപ്പ് മോട്ടോഴ്‌സിന്റെ ഇന്ത്യൻ വരവിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും വാഹനം ഏപ്പോൾ അവതരിപ്പിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കമ്പനി ഇന്ത്യയിൽ കൊണ്ടുവരുന്ന വാഹനനിരയും പ്രഖ്യാപിച്ചിട്ടില്ല. ഇലക്ട്രിക് ഹാച്ച്ബാക്ക്, എസ്‌യുവി സെഗ്മെന്റുകളായിരിക്കും ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ ടാറ്റാ ടിയാഗോ ഇവിയുമായി മത്സരിക്കുന്നതിനായി ലീപ്പ് മോട്ടോഴ്‌സ് ടി03 എന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് കൊണ്ടുവരും എന്ന് സൂചനയുണ്ട്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി വിൻഡ്‌സർ, വിപണിയിൽ എത്താനൊരുങ്ങുന്ന മാരുതി ഇ വിത്താര തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്നതിന് സി10 എന്ന ഫൈവ് സീറ്റർ ഇലക്ട്രിക് എസ്‌യുവിയും ലീപ്പ് മോട്ടോഴ്സ് കൊണ്ടുവന്നേക്കും.
ലീപ്പ് മോട്ടോഴ്‌സ് ഇന്റർനാഷണൽ എന്ന പേരിലാകും കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനം. സ്റ്റെല്ലാന്റിസും ലീപ്പ് മോട്ടോഴ്‌സും 51ഃ49 അനുപാതത്തിൽ രൂപീകരിച്ച സംയുക്ത കമ്പനിയാണിത്. ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലേക്ക് ലീപ്പ് മോട്ടോഴ്‌സ് വാഹനങ്ങൾ കയറ്റുമതി ചെയ്യാനും വിൽക്കാനുമുള്ള അനുമതി നിലവിൽ ഈ കമ്പനിക്കാണ്.
Learn how Leapmotor, a Chinese electric vehicle company, is collaborating with Stellantis for its India market debut. Discover key insights about their plans and offerings.